‘ബാഗ്രാം വ്യോമതാവളം ഇനി ട്രംപിന്റെ സ്വപ്നങ്ങളിൽ മാത്രം’;പരിഹാസവുമായി താലിബാൻ മന്ത്രി
കാബൂൾ: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ബാഗ്രാം വ്യോമതാവളം തിരികെ വേണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തെ പരിഹസിച്ച് താലിബാൻ. ബാഗ്രാം വ്യോമതാവളം ഇനി ട്രംപിന് സ്വപ്നങ്ങളിൽ മാത്രമേ ലഭിക്കുകയുള്ളൂവെന്നും, ഈ സൈനിക താവളം ഇനി ഒരിക്കലും അമേരിക്കയ്ക്ക് വിട്ടുകൊടുക്കില്ലെന്നും താലിബാൻ വാർത്താവിനിമയ-സാംസ്കാരിക മന്ത്രി മുഹാജിർ ഫറാഹി വ്യക്തമാക്കി. ‘ഇന്ത്യ ടുഡേ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിസ്ഥാനെ വീണ്ടും അമേരിക്കൻ സേനയുടെ കീഴിലാക്കാമെന്ന തരത്തിലുള്ള ചർച്ചകളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു.
അമേരിക്കയുടെ ഇരുപത് വർഷം നീണ്ട അഫ്ഗാൻ അധിനിവേശ കാലത്ത് യുഎസ് സൈന്യത്തിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്നു ബാഗ്രാം വ്യോമതാവളം. 2021 ഓഗസ്റ്റിൽ അമേരിക്കൻ സൈന്യം രാജ്യത്ത് നിന്ന് പിൻവാങ്ങിയതിന് പിന്നാലെ ഭരണം പിടിച്ചെടുത്ത താലിബാൻ ഈ വ്യോമതാവളവും തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. എന്നാൽ ചൈനയോട് വളരെ ചേർന്ന് കിടക്കുന്ന ഈ താവളം തന്ത്രപരമായ കാരണങ്ങളാൽ അമേരിക്ക കൈവിടാൻ പാടില്ലായിരുന്നു എന്നാണ് ട്രംപ് ആവർത്തിക്കുന്നത്.
വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണെന്നും അത് തങ്ങൾക്ക് ആവശ്യമുണ്ടെന്നും കഴിഞ്ഞ വർഷം ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപിന്റെ ഈ ആവശ്യത്തെ തുടക്കം മുതൽ തന്നെ താലിബാൻ ശക്തമായി എതിർക്കുകയാണ്. ഇതിന് പുറമെ, അടുത്തിടെ പാകിസ്ഥാനും അഫ്ഗാനും തമ്മിലുണ്ടായ സംഘർഷത്തിൽ പാകിസ്ഥാന് അനുകൂലമായി അമേരിക്ക പരസ്യമായി നിലപാടെടുത്തതും താലിബാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പരമാധികാരത്തിന്മേൽ കടന്നുകയറാൻ ശ്രമിക്കുന്നവർക്കെതിരെ അഫ്ഗാനിസ്ഥാൻ ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്ഥാനെ ഉന്നമിട്ടുകൊണ്ട് അദ്ദേഹം മുന്നറിയിപ്പ് നൽകി.