മണിപ്പൂരിൽ തീവ്രവാദി ആക്രമണം; രണ്ട് ജവാൻമാർ കൊല്ലപ്പെട്ടു
ഉഖ്റുൽ: മണിപ്പൂരിലെ ഉഖ്റുൽ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ നടത്തിയ ഒളിയാക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ജവാൻമാർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഉഖ്റൂലിലെ നുങ്ഷാങ് ഖോങ് മേഖലയിലാണ് സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
40-ാം അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെ സ്ഫോടകവസ്തുക്കളും തോക്കുകളും ഉപയോഗിച്ചായിരുന്നു ഭീകരർ മിന്നലാക്രമണം നടത്തിയത്. സങ്ഷാക് പോസ്റ്റിൽ നിന്നുള്ള ജവാൻമാരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും, അക്രമികൾക്കായി ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
ജവാൻമാർക്ക് നേരെയുണ്ടായ ഈ ആക്രമണത്തെ മണിപ്പൂർ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് ശക്തമായി അപലപിച്ചു. ഇത്തരം ക്രൂരതകൾ സർക്കാർ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും, ഈ ദാരുണ സംഭവത്തിന് മുന്നിൽ സർക്കാർ നോക്കുകുത്തിയായി നിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഉഖ്റൂലിൽ പുതിയ അസം റൈഫിൾസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും സുരക്ഷാ സേനയും തമ്മിൽ വലിയ സംഘർഷമുണ്ടായിരുന്നു. ലാംബുയി ഗ്രാമത്തിലുണ്ടായിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥർ പ്രാദേശിക അധികാരികളോട് കൂടിയാലോചിക്കാതെ ‘ന്യൂ ഹെവനിൽ’ പുതിയ ഔട്ട്പോസ്റ്റ് നിർമ്മിക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും വിദ്യാർത്ഥികളും അടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇത് നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ സേന നടത്തിയ ലാത്തിച്ചാർജിലും വെടിവെപ്പിലുമായി നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ചത്തെ ഭീകരാക്രമണം.