23/07/2026
[fontresizer_tawhidurrahmandear_widget]

ജമ്മുകശ്മീരിലെ ഭീകരാക്രമണം; 2,500 യുവാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ഒമർ അബ്ദുല്ല

 ജമ്മുകശ്മീരിലെ ഭീകരാക്രമണം; 2,500 യുവാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ഒമർ അബ്ദുല്ല

ശ്രീനഗർ: കശ്മീരിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീരാക്രമണത്തിൽ അമർനാഥ് യാത്രാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷി കൊല്ലപ്പെട്ട സംഭവത്തിൽ വിവിധ ജില്ലകളിൽ നിന്നായി 2,500 യുവാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുല്ല. സുരക്ഷാ മുൻകരുതലും അന്വേഷണത്തിന്റെയും ഭാഗമായാണ് ശ്രീനഗറിൽ നിന്ന് എഴുന്നൂറിലധികവും ബഡ്ഗാമിൽ നിന്ന് ഇരുനൂറിലധികവും ബാരാമുള്ളയിൽ നിന്ന് 178 പേരെയും ഗന്ദർബാലിൽ നിന്ന് നൂറിലധികം പേരെയും കസ്റ്റഡിയിലെടുത്തത്.

കൂടാതെ അനന്തനാഗ്, ഷോപ്പിയാൻ, കുൽഗാം, പുൽവാമ എന്നീ ജില്ലകളിൽ നിന്നും നിരവധി പേർ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്ക് സഹായങ്ങൾ നൽകിയവരെ കണ്ടെത്താനും ഭീകരശൃംഖല തകർക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നാണ് പോലീസ് അറിയിച്ചത്.

എന്നാൽ പോലീസ് ഇത്തരത്തിൽ നൂറുകണക്കിന് യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നത് കശ്മീരിലെ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് ഒമർ അബ്ദുല്ല ചൂണ്ടിക്കാട്ടി. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സംശയിക്കുന്ന രണ്ടാളുകളുടെ വീടുകൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഹസൻപോറ, ബിജ്‌ബ്യേര മേഖലകളിലുള്ള ഹാറൂൺ, ആദിൽ അഹമ്മദ് എന്നിവരുടെ വീടുകളാണ് പൊളിച്ചുനീക്കിയത്. ക്രിമിനൽ കേസിൽ ആരോപണവിധേയരായവരുടെ വീടുകൾ തകർക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും ഒമർ അബ്ദുല്ല വ്യക്തമാക്കി.

Also read: