കാണാതായ മകന്റെ മൃതദേഹം ഏറ്റുവാങ്ങി, സംസ്‌കരിക്കാൻ പോകുമ്പോൾ മകൻ ജീവനോടെ ഉണ്ടെന്ന് ഫോൺകോൾ; അത്ഭുതപ്പെട്ട് കുടുംബം
ശ്രീനഗർ: കാണാതായ യുവാവിന്റേതെന്ന് കരുതി അപരിചിതന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാൻ കൊണ്ടുപോയ കുടുംബത്തിന് മണിക്കൂറുകൾക്കകം മകൻ ജീവനോടെയുണ്ടെന്ന സന്തോഷവാർത്ത. ജമ്മുവിലെ സോഹൻജന സ്വദേശിയായ വിശാൽ കുമാർ (27) സെക്യൂരിറ്റി ജീവനക്കാരനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. മകനായി കുടുംബം പരക്കെ തിരച്ചിൽ നടത്തുന്നതിനിടെയാണ് സമാനമായ ശരീരപ്രകൃതിയുള്ള ഒരു അജ്ഞാത മൃതദേഹം പോലീസ് കണ്ടെത്തുന്നത്. മുഖഛായയിലും ശരീരത്തിലും പ്രകടമായ സാദൃശ്യം കണ്ടതിനെ തുടർന്ന് ഇത് വിശാലിന്റെ മൃതദേഹമാണെന്ന് കുടുംബം തെറ്റായി തിരിച്ചറിയുകയായിരുന്നു.
തുടർന്ന് പോലീസ് നടപടികളും പോസ്റ്റ്‌മോർട്ടവും പൂർത്തിയാക്കി ആശുപത്രി അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. എന്നാൽ ആംബുലൻസിൽ മൃതദേഹവുമായി സംസ്‌കാര ചടങ്ങുകൾക്കായി ശ്മശാനത്തിലേക്ക് പോകുന്നതിനിടെയാണ് കുടുംബത്തെ ഞെട്ടിച്ചുകൊണ്ട് വിശാലിന്റെ ഫോൺ കോൾ വരുന്നത്. താൻ ജീവനോടെയുണ്ടെന്നും സുരക്ഷിതനാണെന്നുമുള്ള മകന്റെ വാക്കുകൾ കേട്ട് കുടുംബം ആദ്യം അമ്പരന്നെങ്കിലും ഉടൻ തന്നെ ആംബുലൻസ് തിരികെ ആശുപത്രിയിലേക്ക് വിട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ ഫാക്ടറിയിൽ തുടർച്ചയായി പകലും രാത്രിയും ജോലി ചെയ്യേണ്ടി വന്നതിനാലും ഫോണിന് സാങ്കേതിക തകരാർ സംഭവിച്ചതിനാലുമാണ് തനിക്ക് വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതെന്ന് വിശാൽ പിന്നീട് പറഞ്ഞു. താൻ മരിച്ചെന്ന വാർത്ത സുഹൃത്തുക്കൾ വഴിയറിഞ്ഞ ഉടൻ തന്നെ ഫോൺ നന്നാക്കി വീട്ടുകാരെ വിളിക്കുകയായിരുന്നു ഈ യുവാവ്. നാടകീയമായ ഈ സംഭവങ്ങൾക്ക് ശേഷം അജ്ഞാത മൃതദേഹം തിരികെ മോർച്ചറിയിലേക്ക് മാറ്റുകയും മരിച്ച വ്യക്തി ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് വീണ്ടും ആരംഭിക്കുകയും ചെയ്തു.