20/07/2026
[fontresizer_tawhidurrahmandear_widget]

എഐ; ഗുണങ്ങളേക്കാൾ കൂടുതൽ ദോഷങ്ങളെന്ന് ഐക്യരാഷ്ട്രസഭ

 എഐ; ഗുണങ്ങളേക്കാൾ കൂടുതൽ ദോഷങ്ങളെന്ന് ഐക്യരാഷ്ട്രസഭ

നിർമ്മിത ബുദ്ധിക്ക് (എഐ) ഗുണങ്ങളേറെ ഉണ്ടെങ്കിലും വലിയ ഭീഷണിയാണെന്ന് ഐക്യരാഷ്ട്ര സഭ. എഐ സാങ്കേതികവിദ്യയ്ക്ക് ലോകത്തിന് വലിയ സംഭാവനകൾ നൽകാൻ ശേഷിയുണ്ടെങ്കിലും, അതിന്റെ അനിയന്ത്രിതമായ വ്യാപനം ഗുരുതരമായ പ്രശ്‌നങ്ങൾക്കും വലിയ സുരക്ഷാ ഭീഷണികൾക്കും കാരണമാകുമെന്ന് യുഎൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. എഐ സംവിധാനങ്ങളെ നിയന്ത്രിക്കാൻ നിലവിൽ കൃത്യമായ ശാസ്ത്രീയ മാർഗ്ഗങ്ങളോ നിയമങ്ങളോ ഇല്ലെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി.

സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വികാസം സർക്കാരുകളുടെ നിയന്ത്രണങ്ങൾക്കും ശാസ്ത്രീയമായ നിയന്ത്രണങ്ങൾക്കും അപ്പുറത്തേക്ക് വളരുകയാണെന്ന് യുഎൻ പാനൽ വിലയിരുത്തുന്നു. എഐ സ്വന്തം നിലയിലോ അല്ലെങ്കിൽ ദുരുപയോഗം ചെയ്യുന്നവരിലൂടെയോ വൻ വിനാശങ്ങൾ ഉണ്ടാക്കില്ലെന്ന് ഉറപ്പുനൽകാൻ ശാസ്ത്രത്തിന് കഴിയില്ലെന്ന് പാനൽ സഹഅധ്യക്ഷനും പ്രമുഖ എഐ ശാസ്ത്രജ്ഞനുമായ യോഷ്വ ബെൻജിയോ ചൂണ്ടിക്കാട്ടി. എഐയുടെ ഗുരുതര വീഴ്ചകൾ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുക, ഡിജിറ്റൽ യുദ്ധോപകരണമായി മാറുക, സാമൂഹികസാമ്പത്തിക വ്യവസ്ഥകളെയും പരിസ്ഥിതിയെയും തകിടം മറിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ദോഷങ്ങൾ.

യാഥാർത്ഥ്യത്തോട് സാമ്യതയുള്ള ‘ഹാഫ് ട്രൂത്ത്’ ഉള്ളടക്കങ്ങളുടെ നിർമ്മാണം ജനാധിപത്യ പ്രക്രിയകളെയും വിശ്വാസത്തെയും ദുർബലപ്പെടുത്തുന്നുണ്ട്. കൂടാതെ എഐ നിർമ്മിത വ്യാജ ലൈംഗിക ദൃശ്യങ്ങളും ഡീപ്‌ഫേക്കുകളും വർദ്ധിക്കുന്നത് വലിയൊരു ഭീഷണിയാണ്. ആഗോളതലത്തിൽ പ്രതിവാരം 100 കോടിയിലധികം ആളുകൾ എഐ ഉപയോഗിക്കുന്നുണ്ടെങ്കിലും വികസ്വര രാജ്യങ്ങൾ ഈ സാങ്കേതിക മുന്നേറ്റത്തിൽ ഏറെ പിന്നിലാണ്. ലോകത്തെ 500 പ്രമുഖ എഐ സൂപ്പർകമ്പ്യൂട്ടറുകളുടെ കമ്പ്യൂട്ടിങ് പവറിന്റെ 75 ശതമാനവും അമേരിക്കയുടെയും 15 ശതമാനം ചൈനയുടെയും കൈകളിലാണ്. ഈ മേഖലയിലെ വിഭവങ്ങളുടെ അസമത്വം സാങ്കേതിവ വിടവ് വർദ്ധിപ്പിക്കുന്നു.

ലോകത്താകമാനം 7,000ത്തിലധികം ഭാഷകൾ സംസാരിക്കപ്പെടുന്നുണ്ടെങ്കിലും നിലവിലെ എഐ മോഡലുകൾ വളരെ കുറച്ചു ഭാഷകളിൽ മാത്രമാണ് പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളത്. ചില ഭാഷകളിലെ ആർട്ടിഫിഷ്യൽ പരിഭാഷകളിൽ വരുന്ന ഗുരുതരമായ പിഴവുകൾ ആരോഗ്യരംഗത്തെ രോഗനിർണ്ണയത്തെയും ചികിത്സാ തീരുമാനങ്ങളെയും പോലും തെറ്റായി ബാധിക്കാം. അത്യാധുനിക എഐ മോഡലുകളെ കൃത്യമായി വിലയിരുത്താനോ അവയുടെ മേൽനോട്ടത്തിൽ പങ്കാളികളാകാനോ ഉള്ള സാങ്കേതിക വൈദഗ്ധ്യം വികസിത രാജ്യങ്ങൾ ഉൾപ്പെടെയുള്ള ഭൂരിഭാഗം രാജ്യങ്ങൾക്കും ഇന്നില്ലെന്നും യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Also read: