എഐ ചതിച്ചാശാനേ.. പിരിച്ചുവിട്ട ജോലിക്കാരെ കൂട്ടത്തോടെ തിരിച്ചുവിളിച്ച് ഫോർഡ്
ഡെട്രോയിറ്റ്: നിർമിത ബുദ്ധിയുടെ വരവോടെ നിരവധി മേഖലയിലെ ആളുകളുടെ ജോലി പോയിട്ടുണ്ട്. എന്നാൽ മനുഷ്യരെ മാറ്റി ആ പണി എഐയെ ഏൽപിച്ച് പരാജയപ്പെട്ടിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ്. ഇതോടെ നേരത്തെ പിരിച്ചുവിട്ട സീനിയർ എഞ്ചിനിയർമാരെ കൂട്ടത്തോടെ ജോലിയിൽ തിരിച്ചെടുക്കേണ്ടി വന്നു. വാഹനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പൂർണമായും എഐ സാങ്കേതിക വിദ്യയെ മാത്രം ആശ്രയിച്ചുള്ള ഫോർഡിന്റെ നീക്കമാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തങ്ങളുടെ മുൻ ജീവനക്കാരും സപ്ലയർ കമ്പനികളിലെ വിദഗ്ധരുമായ മുന്നൂറ്റി അൻപതോളം പരിചയസമ്പന്നരായ എഞ്ചിനീയർമാരെയാണ് ഫോർഡ് വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചത്. കമ്പനിയിൽ പതിറ്റാണ്ടുകളായി ജോലി ചെയ്ത് മികച്ച പരിചയസമ്പത്തുള്ള ഈ എഞ്ചിനീയർമാരെ ‘ഗ്രേ ബേർഡ്’ എഞ്ചിനീയർമാർ എന്നാണ് വിളിക്കുന്നത്. കേവലം എഐ സാങ്കേതികവിദ്യയും ഡിസൈനും മാത്രം നൽകിയാൽ മികച്ച വാഹനങ്ങൾ നിർമിക്കാമെന്നാണ് തങ്ങൾ കരുതിയെന്ന് ഫോർഡിന്റെ വെഹിക്കിൾ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് ചാൾസ് പൂൻ പറഞ്ഞു. എഐ മികച്ചൊരു സാങ്കേതിക വിദ്യയാണെന്നതിൽ സംശയമില്ലെങ്കിലും അതിനെ പരിശീലിപ്പിക്കാൻ നൽകുന്ന വിവരങ്ങളുടെയും ഡാറ്റയുടെയും ഗുണനിലവാരം വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫോർഡ് തങ്ങളുടെ ജീവനക്കാരുടെ എണ്ണം വലിയ തോതിൽ കുറയ്ക്കുകയും പകരം ഓട്ടോമേറ്റഡ് സംവിധാനങ്ങളെ ആശ്രയിക്കുകയും ചെയ്തിരുന്നു. 2020ൽ കമ്പനിയിൽ ഏറ്റവും കൂടുതൽ ജീവനക്കാരുണ്ടായിരുന്ന സമയത്തിന് ശേഷം അയ്യായിരത്തിലധികം പേരെയാണ് ഫോർഡിന് ഒഴിവാക്കേണ്ടി വന്നത്. എഐ സാങ്കേതികവിദ്യയ്ക്ക് അമേരിക്കയിലെ പകുതിയോളം വൈറ്റ് കോളർ ജീവനക്കാരെ മാറ്റിസ്ഥാപിക്കാൻ കഴിയുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജിം ഫാർലി മുൻപ് പരസ്യമായി പ്രവചിച്ചിരുന്നതുമാണ്. എന്നാൽ ഈ വലിയ വെട്ടിച്ചുരുക്കലുകൾ കമ്പനിക്ക് വൻ തിരിച്ചടിയായി മാറി. വർഷങ്ങളായി കമ്പനിയിലുണ്ടായിരുന്ന മുതിർന്ന ജീവനക്കാർ തങ്ങളുടെ അനുഭവം നിർമിത ബുദ്ധിക്ക് കൈമാറുന്നതിന് മുൻപ് തന്നെ കമ്പനി വിട്ടുപോയതാണ് പ്രധാന പ്രതിസന്ധിക്ക് കാരണമായത്.
എഞ്ചിനീയർമാരുടെ പതിറ്റാണ്ടുകളുടെ പ്രായോഗിക അറിവും കൃത്യമായ നിരീക്ഷണപാടവവും ലഭിക്കാത്തതിനാൽ എഐ ടൂളുകൾക്ക് വാഹനങ്ങളുടെ ഡിസൈനിലെ ചെറിയ തകരാറുകൾ പോലും കൃത്യമായി കണ്ടെത്താൻ സാധിച്ചില്ല. തകരാറുകൾ പരിഹരിക്കുന്നതിന് പകരം പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുകയാണ് എഐ ചെയ്തത്. ഇതിന്റെ ഫലമായി അമേരിക്കയിൽ നിരവധി വാഹനങ്ങൾ തകരാറുകൾ കാരണം തിരിച്ചുവിളിക്കേണ്ടി വന്ന കമ്പനിയായി ഫോർഡ് മാറുകയും ഇത് കമ്പനിക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കുകയും ചെയ്തു.
ഓട്ടോമേറ്റഡ് ക്വാളിറ്റി സിസ്റ്റങ്ങളെ മാത്രം അമിതമായി ആശ്രയിച്ചിട്ടും വിചാരിച്ച ഫലം ലഭിക്കാതെ വന്നതോടെയാണ് പരിചയസമ്പന്നരായ മനുഷ്യരിലേക്ക് തന്നെ കമ്പനി വീണ്ടും തിരിഞ്ഞതെന്ന് ഫോർഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കുമാർ ഗൽഹോത്ര വ്യക്തമാക്കി. തിരികെ എത്തിയ മുതിർന്ന എഞ്ചിനീയർമാരെ വാഹന ഭാഗങ്ങൾ ഫാക്ടറിയിൽ നിർമ്മാണത്തിന് എത്തുന്നതിന് മുൻപ് തന്നെ അവയിലെ തകരാറുകൾ കണ്ടെത്താനുള്ള ചുമതലകളിലാണ് നിയോഗിച്ചിരിക്കുന്നത്. കൂടാതെ പുതിയതായി വരുന്ന യുവ ജീവനക്കാർക്ക് പരിശീലനം നൽകാനും എഐ ടൂളുകളെ കൂടുതൽ കാര്യക്ഷമമായി പുനഃക്രമീകരിക്കാനും ഈ മുതിർന്ന എഞ്ചിനീയർമാരുടെ സേവനം കമ്പനി ഉപയോഗപ്പെടുത്തുന്നുണ്ട്.
എഐ പരാജയപ്പെടുകയല്ല, മറിച്ച് മനുഷ്യന്റെ അനുഭവസമ്പത്തിനൊപ്പം നിർണ്ണായകമായ മേൽനോട്ടവും ചേരുമ്പോഴാണ് അത് പൂർണ്ണമാകുന്നത് എന്ന തിരിച്ചറിവിലാണ് ഫോർഡ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പനി എഐ ഉപയോഗം പൂർണമായി ഉപേക്ഷിച്ചിട്ടില്ല, മറിച്ച് എഐ സാങ്കേതികവിദ്യയെ കൂടുതൽ മികച്ചതാക്കാൻ ഒരു ലക്ഷത്തിലധികം പുതിയ എഐ അധിഷ്ഠിത പരിശോധനകൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വാഹനങ്ങളുടെ സോഫ്റ്റ്‌വെയർ സുരക്ഷ ഉറപ്പാക്കാൻ മാത്രമായി നാൽപത് അംഗങ്ങളുള്ള പ്രത്യേക സോഫ്റ്റ്‌വെയർ ക്വാളിറ്റി അഷ്വറൻസ് ടീമും രൂപീകരിച്ചു. മനുഷ്യന്റെ അറിവും സാങ്കേതികവിദ്യയും കൃത്യമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പുതിയ മാറ്റം കമ്പനിക്ക് വലിയ ഗുണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.