കോവിഡ് കാലത്ത് വാങ്ങിക്കൂട്ടിയ കോടികളുടെ മരുന്ന് ഉപയോഗിക്കാതെ നശിച്ചു; അന്വേഷണത്തിനൊരുങ്ങി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ കോടികൾ വിലമതിക്കുന്ന മരുന്നുകളും പി.പി.ഇ കിറ്റുകളും ഉപയോഗിക്കാതെ വെയർഹൗസുകളിൽ കിടന്നു നശിച്ചതായി കണ്ടെത്തൽ. കോവിഡ് കാലയളവിൽ വാങ്ങിയവ ഉൾപ്പെടെയാണ് സംസ്ഥാനത്തെ വിവിധ സംഭരണകേന്ദ്രങ്ങളിൽ നശിച്ചുപോകുന്നത്.
കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്ന വിവരം പുറത്തുവരുന്നത്. സംസ്ഥാനത്താകെയുള്ള 16 വെയർഹൗസുകളിൽ കൊല്ലത്തെ കേന്ദ്രത്തിലാണ് ഏറ്റവും കൂടുതൽ മരുന്നുകൾ ഉപയോഗശൂന്യമായി കിടക്കുന്നത്. കാലാവധി പൂർത്തിയായതിനാൽ ഇവ ഇനി രോഗികൾക്ക് നൽകാൻ സാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അതേസമയം, ഉപയോഗശൂന്യമായ ഈ മരുന്നുകൾ സുരക്ഷിതമായി നശിപ്പിച്ചു കളയാൻ തന്നെ അരക്കോടിയിലധികം രൂപ അധികച്ചെലവ് വരും.
സംഭവത്തിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ 10 വർഷത്തെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (KMSCL) പർച്ചേസുകൾ സമഗ്രമായി പരിശോധിച്ച് ക്രമക്കേടുകൾ കണ്ടെത്താൻ ഉത്തരവിറങ്ങും.
ആശുപത്രികൾ വഴി രോഗികൾക്ക് ആവശ്യത്തിന് മരുന്നുകൾ വിതരണം ചെയ്തിരുന്നുവെന്ന് മുൻ സർക്കാർ അവകാശപ്പെടുമ്പോഴും, വൻതോതിൽ മരുന്നുകളും കിറ്റുകളും അധികമായി വാങ്ങിക്കൂട്ടിയതിൽ ദുരൂഹതയേറുകയാണ്. നിലവിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (IMA) ബന്ധപ്പെട്ട ഏജൻസിയാണ് ഇത്തരം മരുന്നുകൾ നശിപ്പിക്കുന്നത്. അതീവ ശ്രദ്ധയോടെ ചെയ്യേണ്ട പ്രവൃത്തിയായതിനാലാണ് ഇതിന് വലിയ തുക ചെലവാകുന്നത്.
മുൻപ് സർക്കാരിന്റെ ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ ക്രമക്കേട് നടന്നതായി ധനകാര്യ വിഭാഗം കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മരുന്ന് വാങ്ങലിലും അന്വേഷണം വരുന്നത്. ആരൊക്കെയ ഇടപെട്ടാണ് ടെൻഡറുകൾ നൽകിയതെന്നും ഏതെല്ലാം കമ്പനികളിൽ നിന്നാണ് ഇവ വാങ്ങിയതെന്നും ആരോഗ്യവകുപ്പ് അന്വേഷിച്ചു കണ്ടെത്തും.