05/09/2026
[fontresizer_tawhidurrahmandear_widget]

യു.പിയിൽ പേരുമാറ്റൽ തുടർന്ന് യോഗി ആദിത്യനാഥ്; ഭദർസ ഇനിമുതൽ ‘ഭരത് നഗർ’

 യു.പിയിൽ പേരുമാറ്റൽ തുടർന്ന് യോഗി ആദിത്യനാഥ്; ഭദർസ ഇനിമുതൽ ‘ഭരത് നഗർ’

ലഖ്നൗ: ഉത്തർപ്രദേശിൽ സ്ഥലങ്ങളുടെ പേരുമാറ്റൽ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ ജില്ലയിലെ രണ്ട് സ്ഥലങ്ങൾക്കാണ് പുതുതായി പേരുമാറ്റിയത്. ഭദർസ മുനിസിപ്പൽ നഗരത്തെ ഇനിമുതൽ ‘ഭരത് നഗർ’ എന്നും, പുതുതായി രൂപീകരിച്ച ഖിലോണി-സുചിതഗഞ്ച് നഗർ പഞ്ചായത്തിനെ ‘മാ ജ്വാലാ ജി നഗർ പഞ്ചായത്ത്’ എന്നും വിളിക്കും. ബികാപൂരിൽ സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിലാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

ബി.ജെ.പി എം.എൽ.എ അമിത് സിങ് ചൗഹാൻ ഉന്നയിച്ച ആവശ്യപ്രകാരമാണ് ഖിലോണി-സുചിതഗഞ്ചിന്റെ പേര് മാറ്റുന്നതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ശ്രീരാമന്റെ സഹോദരനായ ഭരതന്റെ ത്യാഗവും സ്നേഹവും സ്മരിക്കുന്നതിന്റെ ഭാഗമായാണ് ഭദർസയ്ക്ക് ‘ഭരത് നഗർ’ എന്ന പേര് നൽകിയത്. ഭരതകുണ്ഡുമായി ബന്ധപ്പെട്ട ഈ പ്രദേശം ഇനി ‘ഭരത്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.

പ്രദേശത്തെ ജനങ്ങളുടെ വികാരങ്ങളെയും ചരിത്ര പാരമ്പര്യത്തെയും മാനിച്ചാണ് പേരുമാറ്റാൻ തീരുമാനിച്ചതെന്നും, അയോധ്യയുടെ സാംസ്കാരിക സ്വത്വവും ആത്മീയ പാരമ്പര്യവും സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും യോഗി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തുണ്ടായ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു.

ഔദ്യോഗിക രേഖകളിലും ബോർഡുകളിലും പുതിയ പേരുകൾ ഉൾപ്പെടുത്താനുള്ള ഭരണനടപടികൾ ഉടൻ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. യു.പിയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതിന് ശേഷം നിരവധിയേറെ സ്ഥലങ്ങളുടെ പേരുകളാണ് ഇതിനോടകം മാറ്റിയത്. അലഹാബാദിനെ പ്രയാഗ്‌രാജ് ആയും ഫൈസാബാദിനെ അയോധ്യയായും മുഗൾസരായിയെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് നഗർ ആയും നേരത്തെ മാറ്റിയിരുന്നു. ഇതിനുപുറമെ അടുത്തിടെ ഷാജഹാൻപൂരിലെ ജലാലാബാദ് തഹസിലിന്റെ പേര് പരശുരാമപുരി എന്നും, കുശിനഗറിലെ ഫാസിൽ നഗറിനെ പാവഗഢ് എന്നും പുനർനാമകരണം ചെയ്തിരുന്നു.

Also read: