22/07/2026
[fontresizer_tawhidurrahmandear_widget]

എഴുതിയത് 60,856 വിദ്യാർഥികൾ; പരീക്ഷ 5.30ന് അവസാനിച്ചു, 5 മിനിറ്റിനുള്ളിൽ ഫലം പുറത്ത്; റെക്കോർഡിട്ട് വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാല

 എഴുതിയത് 60,856 വിദ്യാർഥികൾ; പരീക്ഷ 5.30ന് അവസാനിച്ചു, 5 മിനിറ്റിനുള്ളിൽ ഫലം പുറത്ത്; റെക്കോർഡിട്ട് വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാല

ബെംഗളൂരു: പരീക്ഷകൾ കഴിഞ്ഞ് ഫലപ്രഖ്യാപനത്തിനായി മാസങ്ങളോളം കാത്തിരിക്കുന്ന പതിവിന് വിരാമമിട്ട് കർണാടകയിലെ വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാല (വി.ടി.യു). പരീക്ഷ അവസാനിച്ചതിന് പിന്നാലെ വെറും അഞ്ച് മിനിറ്റിനുള്ളിൽ ഫലം പ്രഖ്യാപിച്ചാണ് സർവകലാശാല രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. സർവകലാശാലയുടെ ഡിജിറ്റൽ മൂല്യനിർണയ സംവിധാനത്തിന്റെ മികവാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിൽ.

ചൊവ്വാഴ്ച വൈകിട്ട് 5.30-നാണ് ബി.ഇ, ബി.ടെക് ആറാം സെമസ്റ്ററിന്റെ അവസാന പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയായത്. അഞ്ച് മിനിറ്റിനുള്ളിൽ, കൃത്യം 5.35-ന് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാക്കി. സംസ്ഥാനത്തെ വിവിധ എൻജിനീയറിങ് കോളേജുകളിൽ നിന്നായി 60,856 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 76.84 ശതമാനം വിദ്യാർഥികൾ വിജയം കരസ്ഥമാക്കി.

കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ ഓൺലൈൻ മൂല്യനിർണയ സംവിധാനമാണ് ഈ നേട്ടത്തിന് സഹായിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. മേയ് 18 മുതൽ ജൂൺ 17 വരെയാണ് തിയറി പരീക്ഷകൾ നടന്നത്. പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് ഓൺലൈനായി മൂല്യനിർണയം പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ ജൂൺ 18 മുതൽ 30 വരെ നടന്ന പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്കുകളും അതാത് സമയം തന്നെ ഡിജിറ്റൽ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു.

ചൊവ്വാഴ്ച അവസാന പ്രാക്ടിക്കൽ പരീക്ഷ കൂടി പൂർത്തിയായതോടെ, വിദ്യാർഥികളുടെ തിയറി മാർക്കുകളും പ്രാക്ടിക്കൽ മാർക്കുകളും പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സ്വയമേവ സംയോജിപ്പിക്കുകയും നിമിഷങ്ങൾക്കകം അന്തിമ ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയുമായിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന് മികച്ചൊരു മാതൃക കൂടിയാവുകയാണ് വി.ടി.യു.

Also read: