04/09/2026
[fontresizer_tawhidurrahmandear_widget]

‘മോദിക്ക് വേണ്ടി സ്വർണ പ്രതിഷ്‌ഠയിൽ അമ്പലം പണിയണം, അതിനായി 5 ഏക്കർ സ്ഥലവും 112 കോടിയും വേണം’; ബിഹാർ സർക്കാരിനോട് ആവശ്യവുമായി ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ്

 ‘മോദിക്ക് വേണ്ടി സ്വർണ പ്രതിഷ്‌ഠയിൽ അമ്പലം പണിയണം, അതിനായി 5 ഏക്കർ സ്ഥലവും 112 കോടിയും വേണം’; ബിഹാർ സർക്കാരിനോട് ആവശ്യവുമായി ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ്

പട്ന: ബിഹാറിലെ പട്നയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വലിയ സുവർണ്ണ ക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങി ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ്. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി നിർമ്മിക്കുന്ന ഈ കൂറ്റൻ ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ സ്വർണ പ്രതിഷ്ഠയാകും ഉണ്ടാവുക. ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി അഞ്ച് ഏക്കർ സ്ഥലവും 112 കോടി രൂപയും അനുവദിക്കണമെന്ന് ബോർഡ് ബിഹാർ സംസ്ഥാന സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കുന്ന ഏറ്റവും വേറിട്ട ആദരവുകളിലൊന്നായാണ് ഈ നിർദ്ദേശം വിലയിരുത്തപ്പെടുന്നത്.

ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കും അവർക്ക് നൽകിയ വലിയ സാമൂഹിക അംഗീകാരങ്ങൾക്കുമുള്ള നന്ദി സൂചകമായാണ് ഇത്തരമൊരു ആശയവുമായി ബോർഡ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 29-ന് നടന്ന ബോർഡിന്റെ ആദ്യ യോഗത്തിലാണ് മോദിയ്‌ക്കായി വലിയ ക്ഷേത്രം പണിയണമെന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടത്. തുടർന്ന് ഇതിനായുള്ള പ്രമേയം പാസാക്കുകയും സർക്കാരിന് മുൻപിൽ ഔദ്യോഗിക നിർദേശമായി അവതരിപ്പിക്കുകയുമായിരുന്നു.

സമൂഹത്തിൽ കാലങ്ങളായി പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന തങ്ങൾക്ക് അർഹമായ പരിഗണനയും ബഹുമാനവും നൽകുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ വലിയ പങ്കുവഹിച്ചുവെന്ന് ബോർഡ് അംഗങ്ങൾ വിശ്വസിക്കുന്നു. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന നയങ്ങൾ തങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നും, ഈ സ്നേഹവും കടപ്പാടും പ്രകടിപ്പിക്കുന്നതിനായാണ് സംസ്ഥാന തലസ്ഥാനമായ പട്നയിൽ അദ്ദേഹത്തിനായി ഇത്തരമൊരു സുവർണ്ണ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചതെന്നും ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്ന 112 കോടി രൂപയുടെ ഫണ്ടിന്റെയും അഞ്ച് ഏക്കർ ഭൂമിയുടെയും കാര്യത്തിൽ ഭരണകൂടത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

Also read: