‘എന്താണീ സിജെപി? വീടിനുള്ളിൽ പാറ്റയെക്കൊണ്ട് യാതൊരു ഉപയോഗവുമില്ല’; പരിഹാസവുമായി ബിജെപി
ജയ്പൂർ: സർക്കാർ സ്കൂളിന്റെ ശോചനീയാവസ്ഥ പരിശോധിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ പാർട്ടി പേരിനെ പരിഹസിച്ച് ബിജെപി. ജയ്പൂരിലെ ബഗറു മണ്ഡലത്തിൽപ്പെട്ട രാമപുര കൻവർപുര ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്.
വർഷങ്ങളായി എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ സന്ദർശിക്കാനെത്തിയ സിജെപി സഹസ്ഥാപകൻ അശുതോഷ് രങ്കയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും, വാഹനം തകർക്കുകയും ഒരു പ്രവർത്തകന്റെ കൈ ഒടിക്കുകയും ചെയ്തെന്നും സിജെപി ആരോപിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ നിർദേശപ്രകാരമാണ് ആക്രമണമെന്ന് അശുതോഷ് രങ്ക എക്സിൽ കുറിച്ചു.
എന്നാൽ ആരോപണങ്ങൾ ബിജെപി തള്ളി. “എന്താണ് സിജെപി? വീടിനുള്ളിൽ പാറ്റയെക്കൊണ്ട് യാതൊരു ഉപയോഗവുമില്ല,” എന്ന് ജയ്പൂർ ബിജെപി എംഎൽഎ ഗോപാൽ ശർമ പരിഹസിച്ചു. കോൺഗ്രസ് പ്രവർത്തകർ സിജെപി എന്ന മുഖംമൂടി അണിഞ്ഞ് ഗ്രാമങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്ന് രാജസ്ഥാൻ മന്ത്രി ജവഹർ സിങ് ബേധം ആരോപിച്ചു.
മുൻകൂർ അനുമതിയില്ലാതെ സ്കൂളുകളിൽ പ്രവേശിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് സിജെപി പ്രവർത്തകർ എത്തിയതാണ് നിലവിലെ സംഘർഷങ്ങൾക്ക് വഴിവെച്ചത്.