മതം നോക്കാതെ ചേർത്തുവെച്ച 26 വർഷങ്ങൾ; ജോലിക്കാരിയായ പായമ്മയ്ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവാചാരപ്രകാരം വിട
കൊച്ചി: കാൽ നൂറ്റാണ്ടിലേറെയായി സ്വന്തം കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തുനടത്തിയ വീട്ടുവേലക്കാരിക്ക് ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നൽകി വൈദികന്റെ കുടുംബം. ഓർത്തഡോക്സ് സഭാ വൈദികനായ അമ്പാടിമല ഓണശ്ശേരിൽ ഫാ. ഒ.ജെ ജേക്കബാണ് മതത്തിന്റെയും വിശ്വാസത്തിന്റെയും അതിരുകൾ മായ്ച്ച് സ്നേഹമാതൃകയായത്.
വർഷങ്ങൾക്കു മുൻപ് ജോലിക്കാരിയായെത്തിയ ഇരുമ്പനം സ്വദേശി പാർവതി (പായമ്മ – 88) പതുക്കെ ഈ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രഫസറായിരുന്ന വൈദികന്റെ ഭാര്യയുടെ വേർപാടിനു ശേഷമാണ് 2000-ൽ ആറുവയസ്സുകാരിയായ മകൾ മെറിനെ നോക്കാനായി പായമ്മ എത്തിയത്. അടുത്ത ബന്ധുക്കളൊന്നുമില്ലാതിരുന്ന പായമ്മ പിന്നീട് കുടുംബനാഥയായി മാറി വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിനടത്തി.
വിഷുനാളിൽ കണിവെക്കുന്ന പായമ്മയുടെ ചിത്രങ്ങളും മെറിന്റെ വിവാഹദിവസം അമ്മയുടെ സ്ഥാനത്തുനിന്ന ചിത്രങ്ങളും മനുഷ്യസ്നേഹത്തിന്റെ അപൂർവ പ്രതീകങ്ങളാണ്. ഒൻപത് വർഷം മുൻപ് മകളുടെ വിവാഹം കഴിഞ്ഞതോടെ വീട്ടിൽ വൈദികനും പായമ്മയും മാത്രമായിരുന്നു താമസം. വാർധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്നെങ്കിലും ഒരാഴ്ച മുൻപുവരെ വീട്ടുകാര്യങ്ങളിൽ ഇവർ സജീവമായിരുന്നു.
ഞായറാഴ്ച രാത്രി ചോറ്റാനിക്കരയിലെ ടാറ്റ ആശുപത്രിയിലായിരുന്നു അന്ത്യം. പായമ്മയുടെ മരണശേഷം ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം സ്വന്തം വീട്ടിൽത്തന്നെ നടത്താൻ ഫാ. ജേക്കബ് തീരുമാനിക്കുകയായിരുന്നു. പാർവതിയുടെ ബന്ധുവായ സജീവ് അന്ത്യകർമങ്ങൾ പൂർത്തിയാക്കിയ ശേഷം എരുവേലി ശ്മശാനത്തിൽ സംസ്കാരം നടത്തി. കടുംഗമംഗലം പള്ളിവികാരി ഫാ. സെബു പോൾ വെണ്ട്രപ്പിള്ളിലിന്റെ നേതൃത്വത്തിൽ ക്രൈസ്തവ ആചാരപ്രകാരമുള്ള പ്രാർഥനകളും ചടങ്ങിന്റെ ഭാഗമായി നടന്നു.