04/09/2026
[fontresizer_tawhidurrahmandear_widget]

എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി; റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു

 എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി; റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് തീവണ്ടിയിലെ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. സി-6 കോച്ചിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വണ്ടി പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് യാത്രക്കാരൻ തൊട്ടടുത്ത സീറ്റിൽ പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ ശുചീകരണത്തൊഴിലാളികൾ എത്തി പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് തീവണ്ടി പുറപ്പെട്ടത്.

കുടുംബത്തോടൊപ്പം കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനെത്തിയ എറണാകുളത്തെ ഇൻഷുറൻസ് കമ്പനി ജീവനക്കാരനായ വിനു വർഗീസാണ് സീറ്റിൽ അണലി പാമ്പിനെ കണ്ടത്. മറ്റൊരു യാത്രക്കാരൻ ഇത് കളിപ്പാട്ടമാണെന്ന് കരുതുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് പാമ്പ് ചത്തതാണെന്ന് മനസ്സിലായത്. റെയിൽവേയുടെ ‘റെയിൽമദദ്’ പോർട്ടലിലൂടെ വിനു പരാതി നൽകി. വലിയ തുക നൽകി യാത്ര ചെയ്യുമ്പോൾ ഇത്തരമൊരു അനുഭവം ഉണ്ടായതിൽ യാത്രക്കാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

അതേസമയം, ബെംഗളൂരുവിൽ നിന്നെത്തിയ തീവണ്ടി പൂർണമായും ശുചീകരിച്ച ശേഷമാണ് യാത്രയ്ക്ക് തയ്യാറാക്കിയതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ശുചീകരണത്തിനിടെ പാമ്പിനെ കണ്ടിരുന്നില്ലെന്നാണ് തൊഴിലാളികളുടെ വിശദീകരണം. ഇതോടെ ട്രെയിനിൽ പാമ്പ് എങ്ങനെ എത്തിപ്പെട്ടു എന്നതിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Also read: