04/09/2026
[fontresizer_tawhidurrahmandear_widget]

‘ഹിന്ദുത്വയുണ്ട്, പള്ളിയിൽ പോകുന്നവർ സൂക്ഷിക്കണം’: കേന്ദ്ര സർക്കാരിനും ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെ ‘ദീപിക’

 ‘ഹിന്ദുത്വയുണ്ട്, പള്ളിയിൽ പോകുന്നവർ സൂക്ഷിക്കണം’: കേന്ദ്ര സർക്കാരിനും ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെ ‘ദീപിക’

കൊച്ചി: രാജ്യത്ത് വർധിച്ചുവരുന്ന ന്യൂനപക്ഷ വേട്ടയ്ക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രമായ ‘ദീപിക’യുടെ മുഖപ്രസംഗം. രാജ്യത്ത് മതേതര ഭരണഘടനയുണ്ടെങ്കിലും അതിനൊപ്പം ഹിന്ദുത്വ രാഷ്ട്രീയവും സജീവമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ബിജെപി സർക്കാരുകൾ ഹിന്ദുത്വ സംഘങ്ങളെ ന്യൂനപക്ഷ വേട്ടയ്ക്കായി തുറന്നുവിട്ടിരിക്കുകയാണ്. ഏതുനിമിഷവും അതിക്രമങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ പള്ളിയിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും മുഖപ്രസംഗം മുന്നറിയിപ്പ് നൽകുന്നു.

മുംബൈയിലെ പള്ളികളിൽ പ്രാർഥനയ്‌ക്കെത്തുന്നവരിൽനിന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് എത്തുന്നതെന്ന സമ്മതപത്രം വാങ്ങേണ്ടിവരുന്ന ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമർശനം. മഹാരാഷ്ട്രയിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമവും പൊലീസിന്റെ നടപടികളും ക്രൈസ്തവരിൽ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. നിയമം നിലവിൽവരും മുമ്പുതന്നെ പൂനെ പൊലീസ് കേസെടുത്ത സംഭവവും ലേഖനം എടുത്തുകാണിക്കുന്നു.

ഗോവയിലും സമാന നിയമനിർമാണം നടക്കുകയാണ്. മറ്റ് മതങ്ങളിലേക്ക് മാറുന്നത് കുറ്റകരമാക്കുമ്പോഴും ‘ഘർവാപസി’ വഴി ഹിന്ദുമതത്തിലേക്ക് ആളുകളെ മാറ്റുന്നത് ഒഴിവാക്കി നൽകുന്നത് കാപട്യമാണ്. മോഹൻ ഭാഗവത് വിദേശത്ത് ഒരുമയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് രാജ്യത്ത് ക്രൈസ്തവർക്ക് സന്യാസ വേഷത്തിൽ ഇറങ്ങിനടക്കാനോ ക്രിസ്മസും ഈസ്റ്ററും സ്വതന്ത്രമായി ആഘോഷിക്കാനോ കഴിയാത്ത അവസ്ഥയുള്ളത്.

കേരളത്തിലെ അധികാരമോഹികളായ ചിലരെ കൂട്ടുപിടിച്ചാണ് ന്യൂനപക്ഷ വേട്ട നടക്കുന്നതെന്നും എക്സ്-മുസ്‌ലിംകളും ‘കാസ’യും നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾ ഇതിന് തെളിവാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. സ്വന്തം നാട്ടിലെ ക്രൈസ്തവർ നേരിടുന്ന ആക്രമണങ്ങളെ ന്യായീകരിക്കുന്നവർ വിദൂര മുസ്‌ലിം രാഷ്ട്രങ്ങളിലെ കാര്യങ്ങൾ പറഞ്ഞ് ഖേദിക്കുന്നത് ലജ്ജാകരമാണ്. ഫാഷിസത്തിന്റെ വ്യക്തമായ ലക്ഷണങ്ങളാണ് രാജ്യത്ത് കാണുന്നതെന്ന് വ്യക്തമാക്കി കൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Also read: