03/09/2026
[fontresizer_tawhidurrahmandear_widget]

‘ഇനി 50 വർഷം മാത്രം, വേണ്ടത് ചെയ്തില്ലെങ്കില്‍ എല്ലാം തീരും’; ‘ലോകാവസാന’ മുന്നറിയിപ്പുമായി ഇലോൺ മസ്ക്

 ‘ഇനി 50 വർഷം മാത്രം, വേണ്ടത് ചെയ്തില്ലെങ്കില്‍ എല്ലാം തീരും’; ‘ലോകാവസാന’ മുന്നറിയിപ്പുമായി ഇലോൺ മസ്ക്

ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിസന്ധികളും മൂലം ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് കടുത്ത ഭീഷണിയിലാണെന്നും, അടുത്ത 50 വർഷത്തിനുള്ളിൽ മനുഷ്യരാശി കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഭൂമിയിലെ മനുഷ്യജീവിതം ‘ഗെയിം ഓവർ’ ആകുമെന്നും മുന്നറിയിപ്പ് നൽകി ടെസ്‌ല-സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. കേവലം ഹരിതോർജ്ജത്തിലേക്കും സുസ്ഥിര ഊർജ്ജത്തിലേക്കും മാറിയതുകൊണ്ടുമാത്രം ഭൂമിയെ ദീർഘകാലാടിസ്ഥാനത്തിൽ രക്ഷിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ മസ്ക്, ഭൂമിയുടെ താപനില നിയന്ത്രിക്കാൻ വൻതോതിലുള്ള ബഹിരാകാശ ജിയോ-എൻജിനീയറിങ് പദ്ധതികളും മനുഷ്യന്റെ അതിജീവനത്തിനായി അടിയന്തരമായി ചൊവ്വാ കോളനിവൽക്കരണവും നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് വ്യക്തമാക്കി.

മനുഷ്യവംശം നേരിടുന്ന ഭീഷണികൾ കേവലം ആഗോളതാപനത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഓരോ പത്തുകോടി വർഷത്തിലും ഭൂമിയിൽ വൻതോതിലുള്ള വംശനാശ പ്രതിഭാസങ്ങൾ ഉണ്ടാകാറുണ്ടെന്നും മസ്ക് ഓർമ്മിപ്പിച്ചു. ജനനനിരക്കിലുണ്ടാകുന്ന ഇടിവ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനിയന്ത്രിതമായ വളർച്ച, ആണവയുദ്ധ ഭീഷണി, ഛിന്നഗ്രഹ പതനം എന്നിവയെല്ലാം എപ്പോൾ വേണമെങ്കിലും മനുഷ്യരാശിയെ തകർക്കാം. പ്രത്യേകിച്ച് ഭീഷണി നേരിടുന്ന തീരദേശ ജനതയെ സംരക്ഷിക്കുന്നതിനും ആഗോളതാപനത്തെ ചെറുക്കുന്നതിനും അടുത്ത അരനൂറ്റാണ്ട് നിർണായകമാണ്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ മൂന്നാമത്തെ വർഷമായി 2025-നെ അടയാളപ്പെടുത്തുമ്പോഴും, യുഎസിൽ കാലാവസ്ഥാ ഗവേഷണ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുന്ന പശ്ചാത്തലത്തിലാണ് മസ്കിന്റെ ഈ നിർണായക പ്രതികരണം.

ഭൂമിയിലെ ചൂട് നിയന്ത്രിക്കാൻ ചന്ദ്രനിൽ നിർമ്മിക്കുന്ന മാസ് ഡ്രൈവറുകൾ വഴി ഭൂമിക്കും സൂര്യനും ഇടയിലുള്ള ലാഗ്രാഞ്ച് പോയിന്റുകളിലേക്ക് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്വയംനിയന്ത്രിത എഐ സാറ്റലൈറ്റ് ശൃംഖല വിക്ഷേപിക്കുന്ന പദ്ധതിയാണ് മസ്ക് മുന്നോട്ടുവെക്കുന്നത്. ഈ ഉപഗ്രഹങ്ങൾ വഴി ഭൂമിയിലേക്ക് എത്തുന്ന സൗരോർജ്ജത്തിന്റെ അളവ് ക്രമീകരിച്ച് 100 കോടി വർഷം വരെ ആഗോളതാപനത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകും.

എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ സൂര്യൻ കൂടുതൽ വികസിക്കുകയും ചൂടേറുകയും ചെയ്യുമ്പോൾ ഭൂമിയുടെ അന്തരീക്ഷം നഷ്ടപ്പെട്ട് സമുദ്രങ്ങൾ വറ്റി വരണ്ടുപോകുമെന്നും, ഏകദേശം 45 കോടി വർഷത്തിനുള്ളിൽ ഭൂമിയിൽ ജീവന്റെ സാന്നിധ്യം അസാധ്യമാകുമെന്നും മസ്ക് വിശദീകരിച്ചു. അഞ്ച് ബില്യൺ വർഷത്തിനുള്ളിൽ സൂര്യൻ ഒരു റെഡ് ജയന്റായി മാറി ഭൂമിയെ പൂർണ്ണമായും വിഴുങ്ങി ചാമ്പലാക്കും. ഭൂമിയുടെ 450 കോടി വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മനുഷ്യന് മറ്റൊരു ഗ്രഹത്തിലേക്ക് കുടിയേറാൻ സാങ്കേതികമായി സാധ്യമാകുന്ന സാഹചര്യം ഒരുങ്ങിയിരിക്കുന്നത്. സ്പേസ് എക്സിന്റെ ‘സ്റ്റാർഷിപ്പ്’ റോക്കറ്റുകൾ വഴി ചൊവ്വയിൽ ഒരു സ്വയംപര്യാപ്ത നഗരം നിർമ്മിച്ച് ഒരു ബഹുഗ്രഹ നാഗരികതയായി മാറുക എന്നത് മനുഷ്യന്റെ നിലനിൽപ്പിനുള്ള ഏക ‘ലൈഫ് ഇൻഷുറൻസ്’ പോളിസിയാണെന്നും, അതിനാൽ സമയം വൈകുന്നതിന് മുൻപ് തന്നെ അതിനുള്ള തയ്യാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും ഇലോൺ മസ്ക് ഓർമ്മിപ്പിച്ചു.

Also read: