04/09/2026
[fontresizer_tawhidurrahmandear_widget]

‘സമൂഹത്തിൻ്റെ മുന്നിൽ വിശ്വാസം നഷ്ടപ്പെട്ടില്ലേ… സ്വന്തം കുടുംബക്കാർ വരെ എന്നെ ഒഴിവാക്കി’; വ്യാജ പോക്‌സോ കേസിൽ കുടുങ്ങിയ മമ്മദിന്റെ ഹൃദയം തകർക്കുന്ന വാക്കുകൾ!

 ‘സമൂഹത്തിൻ്റെ മുന്നിൽ വിശ്വാസം നഷ്ടപ്പെട്ടില്ലേ… സ്വന്തം കുടുംബക്കാർ വരെ എന്നെ ഒഴിവാക്കി’; വ്യാജ പോക്‌സോ കേസിൽ കുടുങ്ങിയ മമ്മദിന്റെ ഹൃദയം തകർക്കുന്ന വാക്കുകൾ!

കോഴിക്കോട്: വ്യാജ പോക്‌സോ കേസിൽ പ്രതിയാക്കപ്പെട്ട് നാലര വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതി വെറുതെവിട്ട ബാലുശ്ശേരി പൂനോത്ത് സ്വദേശി ഇ.കെ മമ്മദിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ താൻ അനുഭവിച്ച ക്രൂരമായ മാനസിക പീഡനങ്ങളും, സമൂഹത്തിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നും നേരിട്ട ഒറ്റപ്പെടലും വിവരിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തി. ഹൃദയഭേദകമായ ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് മമ്മദ് തന്റെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്.

“ഇങ്ങനെയൊരു കേസ് വന്നാൽ പിന്നെ സമൂഹത്തിൽ ആരും നമ്മളെ അംഗീകരിക്കില്ലല്ലോ, ആളുകൾക്ക് നമ്മുടെ മീതെയുള്ള വിശ്വാസം നഷ്ടപ്പെട്ടില്ലേ,” എന്ന് ചോദിക്കുന്ന മമ്മദിന്റെ വാക്കുകളിൽ കഴിഞ്ഞ നാലര വർഷത്തെ വേദന മുഴുവനുണ്ട്. സമൂഹത്തിന് പുറമെ സ്വന്തം കുടുംബത്തിൽ നിന്നുപോലും വലിയ ഒറ്റപ്പെടലാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറയുന്നു. സ്വന്തം ജ്യേഷ്ഠൻ വരെ തന്നെ ഒഴിവാക്കി. തന്നെ കാണാൻ ആരും വന്നില്ലെന്നും അദ്ദേഹം സങ്കടത്തോടെ ഓർക്കുന്നു. സ്വന്തം സഹോദരന്റെ മകൻ പോലും തനിക്കെതിരെ കള്ളസാക്ഷി പറഞ്ഞു എന്ന ഞെട്ടിക്കുന്ന വിവരവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

സത്യാവസ്ഥ അന്വേഷിച്ചിട്ട് എന്നെ എന്തു വേണമെങ്കിലും ചെയ്യാൻ ഞാൻ പലരോടും കെഞ്ചിപ്പറഞ്ഞിരുന്നു. എന്നാൽ ആർക്കും സത്യം അറിയേണ്ടിയിരുന്നില്ല. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പരാതിക്കാരിയായ കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള ഒരു വനിതാ പോലീസുകാരിയാണ് വ്യാജ കേസിന് പിന്നിലെന്ന ഗുരുതര ആരോപണവും മമ്മദ് ആവർത്തിക്കുന്നുണ്ട്. അന്ന് ആ വനിതാ പോലീസ് വന്ന് കുട്ടിയുടെ മുത്തശ്ശിയോട് കാര്യങ്ങൾ ചോദിച്ച് എഴുതിയെടുക്കുകയായിരുന്നു. തുടർന്ന് ആ പരാതിയിൽ ഒപ്പിടീപ്പിക്കുകയായിരുന്നുവെന്നും ഇത് താൻ കോടതിയിൽ പറഞ്ഞിട്ടുണ്ടെന്നും മമ്മദ് വെളിപ്പെടുത്തുന്നു.

കേസിൽ ഉടനീളമുണ്ടായിരുന്ന വൈരുദ്ധ്യങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവം നടന്നുവെന്ന് അവർ പറയുന്ന അന്ന് കുട്ടിക്ക് രക്തസ്രാവം അടക്കം ഉണ്ടായെന്നാണ് ആരോപിച്ചത്. എന്നാൽ ഇതിനുശേഷം രണ്ടാഴ്ച കഴിഞ്ഞിട്ടാണ് കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്നത്. ആദ്യം അവർ പോയത് ഒരു ടീച്ചറുടെ അടുത്തേക്കായിരുന്നുവെന്നും മമ്മദ് ചോദിക്കുന്നു.

അയൽപക്കത്തെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന വ്യാജ കേസിൽ 2022 മാർച്ച് 31-നായിരുന്നു മമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്. 82 ദിവസം ജയിലിൽ കിടന്ന അദ്ദേഹം പിന്നീട് ജാമ്യത്തിൽ ഇറങ്ങിയെങ്കിലും സ്വന്തം നാട്ടിലോ വീട്ടിലോ കയറാനാകാതെ അന്യസ്ഥലങ്ങളിലായിരുന്നു ഇത്രയും കാലം ജീവിച്ചത്. ഒടുവിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും പരാതിക്കാരിയായ കുട്ടിയുടെ വൈരുദ്ധ്യം നിറഞ്ഞ മൊഴിയുടെയും അടിസ്ഥാനത്തിൽ കൊയിലാണ്ടി കോടതി മമ്മദിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കുകയായിരുന്നു. നഷ്ടപ്പെട്ട കാലവും അപമാനഭാരവും ഇനിയൊരിക്കലും തിരികെ ലഭിക്കില്ലെന്ന വേദനയിലാണ് അദ്ദേഹം ഇപ്പോൾ.

Also read: