‘ചെറിയ അസുഖത്തിനും ഐസിയുവിൽ ഇടണം’; ജോലിയിൽ കയറിയ ദിവസം തന്നെ രാജിവച്ച് യുവ ഡോക്ടർ | Hospital Scam Doctor Quits On First Day
ചണ്ഡിഗഢ്: ആരോഗ്യ മേഖലയിലെ ചൂഷണങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും വിരൽ ചൂണ്ടി യുവ ഡോക്ടർ(Hospital Scam Doctor Quits On First Day). താൻ ജോലിയിൽ പ്രവേശിച്ച പ്രമുഖ സ്വകാര്യ ആശുപത്രിയിൽ രോഗികളെ അനാവശ്യമായി അഡ്മിറ്റ് ചെയ്യാനും ഐ.സി.യുവിൽ കിടത്തി വൻ തുക ബില്ല് ഈടാക്കാനും മാനേജ്‌മെന്റ് നിർബന്ധിച്ചതിനെത്തുടർന്ന്, ജോലിയിൽ പ്രവേശിച്ച് മണിക്കൂറുകൾക്കകം യുവ ഡോക്ടർ രാജിവയ്ക്കുകയായിരുന്നു. തൻ്റെ തൊഴിൽ ധർമവും മെഡിക്കൽ ധാർമ്മികതയും പണത്തിന് മുന്നിൽ പണയം വെക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഇവർ ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം തന്നെ രാജി സമർപ്പിച്ചതെന്ന് ’ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
ചണ്ഡീഗഢിൽനിന്നുള്ള ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. പ്രഭ്‌ലീൻ കൗർ ആണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തുറന്നുപറച്ചിൽ നടത്തിയത്. ഒരു വിഭാഗം സ്വകാര്യ ആശുപത്രികളുടെ വാണിജ്യ താൽപര്യങ്ങളും രോഗികളിൽ നിന്നുള്ള അനാവശ്യ സാമ്പത്തിക ചൂഷണങ്ങളും തുറന്നുകാട്ടുന്ന ഡോക്ടറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. രാജ്യത്തെ സ്വകാര്യ മെഡിക്കൽ മേഖലയിലെ ചൂഷണങ്ങളെ കുറിച്ചും രോഗികളുടെ സുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
മികച്ച ശമ്പളം; എന്നിട്ടും… | Hospital Scam Doctor Quits On First Day
മികച്ച ശമ്പളവും ഉന്നത പദവിയും വാഗ്ദാനം ചെയ്ത പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് യുവ ഡോക്ടർ ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചത്. ആശുപത്രിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല. രാവിലത്തെ സമയങ്ങളിൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുകയും വൈകുന്നേരങ്ങളിൽ സ്വന്തം ക്ലിനിക്കിൽ രോഗികളെ നോക്കുകയും ചെയ്യാം എന്ന ഉദ്ദേശ്യത്തോടെയാണ് അവർ ഈ ജോലി സ്വീകരിച്ചത്. എന്നാൽ, സ്ഥാപനത്തിൻ്റെ പടിവാതിൽ കടന്ന ആദ്യ മണിക്കൂറുകളിൽ തന്നെ ആശുപത്രി മാനേജ്‌മെൻ്റിൻ്റെ യഥാർത്ഥ മുഖം അവർക്ക് മുന്നിൽ വെളിപ്പെട്ടു.
രോഗികളുടെ ആരോഗ്യ സ്ഥിതിയോ അത്യാവശ്യമോ നോക്കാതെ എത്തുന്ന എല്ലാവരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്നതായിരുന്നു മാനേജ്‌മെൻ്റിന്റെ പ്രധാന നിർദ്ദേശം. സാധാരണ ഒ.പി ചികിത്സ കൊണ്ടുതന്നെ ഭേദമാക്കാവുന്ന നിസ്സാര രോഗങ്ങളുമായി എത്തുന്നവരെപ്പോലും ഐ.സി.യുവിൽ പ്രവേശിപ്പിക്കാനും അവിടെ ദിവസങ്ങളോളം കിടത്താനും ആശുപത്രി അധികൃതർ കർശന നിർദ്ദേശം നൽകി.
ചികിത്സയേക്കാൾ ഉപരി ബില്ലിംഗ് തുക വർദ്ധിപ്പിക്കുക മാത്രമായിരുന്നു അവരുടെ ഏക ലക്ഷ്യം. ആശുപത്രി ഉടമയായ മുതിർന്ന ഗൈനക്കോളജിസ്റ്റാണ് ഈ അനഭിലഷണീയമായ രീതികൾക്ക് നേതൃത്വം നൽകിയിരുന്നതെന്ന് യുവ ഡോക്ടർ വെളിപ്പെടുത്തി. ഒരു ഫിസിഷ്യന്റെ ആവശ്യമില്ലാതെ തന്നെ രോഗികളുടെ ചികിത്സാ കാര്യങ്ങളിൽ ഉടമ നേരിട്ട് ഇടപെടുകയായിരുന്നു.
“വലിയ പേരുള്ള ഒരു ആശുപത്രിയിലാണ് ഞാൻ ചേർന്നത്. അത്യാവശ്യം നല്ല ശമ്പളവും ഉണ്ടായിരുന്നു. എന്നാൽ, ആദ്യ ദിവസം തന്നെ എനിക്ക് കാര്യങ്ങൾ വ്യക്തമായി. അവർക്ക് പേരിനൊരു ഫിസിഷ്യനെ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. ആശുപത്രി ഉടമയായ ഗൈനക്കോളജിസ്റ്റ് തന്നെയായിരുന്നു എല്ലാ രോഗികളുടെയും കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. വരുന്ന എല്ലാ രോഗികളെയും അഡ്മിറ്റ് ചെയ്യണമെന്നും, അങ്ങനെ അഡ്മിറ്റ് ചെയ്യുന്നവരെ കഴിയുന്നത്ര ദിവസങ്ങൾ ഐ.സി.യുവിൽ തന്നെ കിടത്തണമെന്നും അവർ നിർബന്ധിച്ചു.” – യുവ ഡോക്ടർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
തീരുമാനം മുഴുവന്‍ മുതലാളിയുടേത് | Hospital Scam Doctor Quits On First Day
ഒരു ഫിസിഷ്യൻ്റെ ക്ലിനിക്കൽ തീരുമാനങ്ങളെപ്പോലും മറികടന്ന്, ആശുപത്രിയുടെ വരുമാനം കൂട്ടാൻ മാത്രം ലക്ഷ്യമിട്ടുള്ള ഈ സമീപനം ഡോക്ടറെ അസ്വസ്ഥയാക്കി. രോഗികളുടെ ജീവനും പണവും വെച്ച് പന്താടുന്ന ഇത്തരം മാഫിയ പ്രവർത്തനങ്ങൾക്ക് കൂട്ട നിൽക്കാൻ അവർ തയ്യാറായില്ല. ആശുപത്രിയുടെ അന്യായമായ ആവശ്യങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ച ഡോക്ടർ, രോഗികളുടെ സുരക്ഷയും മെഡിക്കൽ ധാർമ്മികതയും കാത്തുസൂക്ഷിക്കാൻ ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ പേരും ഒപ്പും ഉപയോഗിച്ച് ആശുപത്രി അധികൃതർ നടത്തുന്ന തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കില്ലെന്ന് അവർ വ്യക്തമാക്കി.
“ബിൽ കൂട്ടാൻ വേണ്ടി രോഗികളെ ചൂഷണം ചെയ്യുന്ന ഒരു സിസ്റ്റത്തിൻ്റെ ഭാഗമാകാൻ എനിക്ക് കഴിയില്ല. എന്റെ പേര് വെച്ച് അവർ തെറ്റായ കാര്യങ്ങൾ ചെയ്യുമ്പോൾ മിണ്ടാതിരിക്കാൻ എനിക്ക് സാധിക്കില്ല. അതിനേക്കാൾ നല്ലത് ഇറങ്ങിപ്പോരുന്നതാണ്. എത്ര വലിയ ശമ്പളമോ പദവിയോ ലഭിച്ചാലും രോഗികളുടെ സുരക്ഷയും മെഡിക്കൽ എത്തിക്സും എനിക്ക് അതിനേക്കാൾ വലുതാണ്,” അവർ വ്യക്തമാക്കി.
ആരോഗ്യ മേഖലയിലെ ചൂഷണങ്ങള്‍ | Hospital Scam Doctor Quits On First Day
യുവ ഡോക്ടർ കാണിച്ച ഈ ആർജവത്തെയും ധീരതയെയും അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.ഡോക്ടറുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ ആശുപത്രികളുടെ ചൂഷണത്തിന് ഇരയായ പലരും സ്വന്തം അനുഭവങ്ങളുമായി രംഗത്തെത്തി. സ്വകാര്യ ആശുപത്രികൾ ഒരു വിഭാഗം ഇപ്പോൾ ലാഭം മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളായി മാറിയെന്ന് പൊതുജനങ്ങൾ ആരോപിക്കുന്നു.
ഇൻഷുറൻസ് കമ്പനികളെയും രോഗികളെയും ലക്ഷ്യമിട്ടുള്ള കൊള്ളയും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗി ആശുപത്രിയിൽ എത്തുമ്പോൾ ആദ്യം ചോദിക്കുന്നത് രോഗ ലക്ഷണങ്ങളെക്കുറിച്ചല്ല, മറിച്ച് ഹെൽത്ത് ഇൻഷുറൻസ് ഉണ്ടോ എന്നതിനെക്കുറിച്ചാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു. ഇൻഷുറൻസ് ഉള്ള രോഗിയാണെങ്കിൽ അനാവശ്യ പരിശോധനകളും ഐ.സി.യു വാസവും ഉറപ്പാക്കി ഇൻഷുറൻസ് തുക മുഴുവൻ തട്ടിയെടുക്കാനാണ് മാനേജ്‌മെൻ്റുകൾ ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
സർക്കാരുകൾ പൊതുജനാരോഗ്യ മേഖലയെ അവഗണിക്കുന്നതാണ് ഇത്തരം ക്രൂരമായ സ്വകാര്യ കച്ചവട മാഫിയകൾക്ക് വളമാകുന്നതെന്ന വിമർശനവും ഉയർന്നു.
അതേസമയം, ചില മുതിർന്ന ഡോക്ടർമാർ ഈ സംഭവത്തോട് വ്യത്യസ്തമായാണ് പ്രതികരിച്ചത്. 25 വർഷത്തെ സർവീസിനിടയിൽ തന്നോട് ഒരു ആശുപത്രി അധികൃതരും അനാവശ്യമായി രോഗികളെ അഡ്മിറ്റ് ചെയ്യാനോ ഐ.സി.യുവിൽ കിടത്താനോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഒരു മുതിർന്ന ഡോക്ടർ കുറിച്ചു. സ്ഥിരീകരിക്കാത്ത ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുഴുവൻ സ്വകാര്യ ആശുപത്രികളെയും ഡോക്ടർമാരെയും കുറ്റക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.