ഔദ്യോഗിക വസതിയിലെ കത്തിയ നോട്ടുകൾക്ക് കണക്കില്ല? പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താനായില്ല; ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോർട്ട്
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് പാർലമെന്റ് അന്വേഷണ സമിതി. വീട്ടിൽ നിന്ന് കണ്ടെത്തിയ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും, സമിതിക്ക് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് പാർലമെന്റ് കമ്മിറ്റി ഈ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
ലോക്സഭാ സ്പീക്കറുടെ നിർദേശപ്രകാരം സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന യശ്വന്ത് വർമയുടെ ആരോപണം അന്വേഷണ സമിതി തള്ളിക്കളഞ്ഞു.
2025 മാർച്ച് 14-ന് രാത്രി ന്യൂഡൽഹിയിലെ തുഗ്ലക്ക് ക്രസന്റ് 30-ലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ ചെറിയൊരു തീപിടിത്തമുണ്ടായിരുന്നു. തീയണയ്ക്കാൻ ഫയർഫോഴ്സ് എത്തിയപ്പോഴാണ് വീട്ടിലെ സ്റ്റോർ റൂമിൽ നിന്ന് ഭാഗികമായി കത്തിയ നിലയിൽ 500 രൂപ നോട്ടുകൾ കണ്ടെത്തിയത്. എന്നാൽ ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൃത്യമായ മറുപടി നൽകാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംഭവസ്ഥലത്ത് നിന്ന് പണം ഉൾപ്പെടെയുള്ള തെളിവുകൾ ഫലപ്രദമായി ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. സ്റ്റോർ റൂമിനോട് ചേർന്ന് ജീവനക്കാരുടെ സാന്നിധ്യമുണ്ടായിരുന്നതിനാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ ഇത് കാരണമായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.