04/09/2026
[fontresizer_tawhidurrahmandear_widget]

‘മട്ടൻ കൊണ്ട് ഗുണമില്ല, ചെലവും കൂടുതൽ; തടവുകാർക്ക് ചിക്കനും മുട്ടയും നൽകുന്നത് പരിഗണിക്കും’: ജയിൽ സുരക്ഷയ്ക്ക് എഐ സംവിധാനവുമെന്ന് ഡിജിപി

 ‘മട്ടൻ കൊണ്ട് ഗുണമില്ല, ചെലവും കൂടുതൽ; തടവുകാർക്ക് ചിക്കനും മുട്ടയും നൽകുന്നത് പരിഗണിക്കും’: ജയിൽ സുരക്ഷയ്ക്ക് എഐ സംവിധാനവുമെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണക്രമത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പ് ആലോചിക്കുന്നു. നിലവിൽ നൽകി വരുന്ന മട്ടൻ ഒഴിവാക്കി പകരം ചിക്കനും മുട്ടയും നൽകുന്ന കാര്യമാണ് പരിഗണനയിലുള്ളത്. മട്ടൻ പോലുള്ള റെഡ് മീറ്റുകൾ ജീവിതശൈലീ രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതിനാലും വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലുമാണ് ഈ നീക്കം.

നിലവിൽ തടവുകാരന് പ്രതിദിനം 100 ഗ്രാം മട്ടനാണ് നൽകുന്നത്. ശാരീരിക അധ്വാനമില്ലാത്തവർക്ക് ഇതുകൊണ്ട് ഗുണമില്ലെന്നും തടവുകാർക്ക് ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കാൻ ചിക്കനും മുട്ടയും നൽകുന്നതാണ് അഭികാമ്യമെന്നും ജയിൽ ഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് പഠനത്തിന് ശേഷം സർക്കാരിന് കൈമാറും. സർക്കാറിന്റെ അംഗീകാരം ലഭിച്ചശേഷമായിരിക്കും അന്തിമ തീരുമാനം.

തടവുകാരെ തിരുത്തി സമൂഹത്തിലേക്ക് മടക്കിയെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജയിലുകളുടെ പേര് മാറ്റുന്നത് സംബന്ധിച്ച റിപ്പോർട്ടും സർക്കാരിന് നൽകും. വിദേശരാജ്യങ്ങളിലെപ്പോലെ ‘കറക്ഷൻ ഹോം’ മാതൃകയിലേക്ക് മാറ്റാനാണ് ആലോചന.

ഇതോടൊപ്പം ജയിലുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനായി കെൽട്രോണുമായി ചേർന്ന് തയ്യാറാക്കിയ എഐ പൈലറ്റ് പദ്ധതി നാളെ പൂജപ്പുര സെൻട്രൽ ജയിലിൽ ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.

20-ൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് കണ്ടെത്തുക, ഡ്രോൺ ഉപയോഗിച്ച് ജയിൽ മതിലുകൾ ചിത്രീകരിക്കുക, പുറത്തുനിന്ന് വസ്തുക്കൾ എറിഞ്ഞാൽ സൂപ്രണ്ടിനും ബ്ലോക്ക് ഉദ്യോഗസ്ഥനും അലേർട്ട് സന്ദേശം നൽകുക തുടങ്ങിയവയാണ് എഐ സംവിധാനത്തിന്റെ പ്രധാന സവിശേഷതകൾ. സിസിടിവി നിരീക്ഷണത്തിലെ ഭാരം കുറയ്ക്കുന്നതിലൂടെ ഉദ്യോഗസ്ഥരെ കറക്ഷണൽ സേവനങ്ങൾക്ക് കൂടുതലായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Also read: