“ഞാൻ ബാബാ ബാഗേശ്വർ അല്ല, പക്ഷേ നിങ്ങളുടെ മനസ്സ് എനിക്കറിയാം; പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ധൈര്യം കാട്ടുക”: ബിരുദദാന ചടങ്ങിൽ ജെൻ സിയോട് നരേന്ദ്ര മോദി
ന്യൂഡൽഹി: ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ, ജീവിതത്തിൽ ആകാംക്ഷയും പഠിക്കാനുള്ള പ്രേരണയും എപ്പോഴും നിലനിർത്തണമെന്ന് പുതിയ തലമുറയായ ജെൻ സി വിദ്യാർത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. പൊതുവേ ചിന്താശൂന്യമായി സ്വീകരിക്കപ്പെടുന്ന കാര്യങ്ങളെ ചോദ്യം ചെയ്യാനും, അതിലുപരി അതിനുള്ള ഉത്തരങ്ങളും പരിഹാരങ്ങളും കണ്ടെത്താനുള്ള ധൈര്യം കാണിക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി ‘വികസിത് ഭാരത്’ എന്ന ഇന്ത്യയുടെ വലിയ ലക്ഷ്യത്തിലേക്ക് സംഭാവന നൽകാൻ അദ്ദേഹം ബിരുദധാരികളെ ഓർമ്മിപ്പിച്ചു. മൂവായിരത്തിലധികം വിദ്യാർത്ഥികളും 587 പി.എച്ച്.ഡി ഗവേഷകരും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി ഈ സന്ദേശം നൽകിയത്. അടുത്തിടെ നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ ജെൻ സി യുവതലമുറ നടത്തിയ കൂറ്റൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽക്കൂടിയാണ് യുവാക്കളുമായി കൂടുതൽ അടുത്തബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ഈ ചടങ്ങിൽ പങ്കെടുത്തത്.
ചടങ്ങിൽ സംസാരിക്കവേ തികച്ചും ലളിതവും സൗഹൃദപരവുമായ അന്തരീക്ഷത്തിലാണ് പ്രധാനമന്ത്രി വിദ്യാർത്ഥികളോട് സംവദിച്ചത്. വിദ്യാർത്ഥികളുടെ മനസ്സിൽ ഇപ്പോൾ മറ്റു പല ചിന്തകളും ഉണ്ടാകാമെന്ന് പറഞ്ഞ പ്രധാനമന്ത്രി, താൻ ‘ബാബാ ബാഗേശ്വർ’ ഒന്നുമല്ലെങ്കിലും ഓരോ വിദ്യാർത്ഥിയുടെയും മനസ്സിൽ ഭാവി രൂപരേഖകളെക്കുറിച്ചുള്ള ചിന്തകൾ ഓടുന്നുണ്ടാകുമെന്ന് തനിക്കറിയാമെന്ന് തമാശരൂപേണ കൂട്ടിച്ചേർത്തു. ഐ.ഐ.ടിയിലെ ഓറിയന്റേഷൻ ദിനം മുതൽ ബിരുദദാന ചടങ് വരെയുള്ള യാത്രയിലെ ഓരോ നിമിഷവും ഓർമ്മയിൽ സൂക്ഷിക്കണമെന്നും ഭാവിയിൽ ഉത്തരവാദിത്തങ്ങൾ കൂടുമ്പോൾ ഈ ഓർമ്മകൾ സന്തോഷവും പ്രചോദനവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ സാങ്കേതികവിദ്യ, വ്യവസായങ്ങൾ, തൊഴിലുകൾ, ആഗോള ശക്തി സമവാക്യങ്ങൾ എന്നിവ അതിവേഗം മാറുമെന്നതിനാൽ അടുത്ത 20 അല്ലെങ്കിൽ 30 വർഷം എങ്ങനെയായിരിക്കുമെന്ന് കൃത്യമായി പ്രവചിക്കുക അസാധ്യമാണ്. എന്നാൽ നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് മാത്രമേ ഈ ലോകത്ത് വിജയിക്കാനാകൂ എന്ന് ചൂണ്ടിക്കാട്ടിയ മോദി, ചോദ്യങ്ങൾ ചോദിക്കുക മാത്രമല്ല, അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതാണ് യഥാർത്ഥ കഴിവെന്നും വ്യക്തമാക്കി.
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് രൂപം നൽകാനും കരുത്തുപകരാനും മുന്നിൽ നിന്നത് പുതിയ തലമുറയിലെ യുവാക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐ.ഐ.ടി ഡൽഹിയിൽ നിന്ന് നിരവധി പ്രമുഖ സ്റ്റാർട്ടപ്പ് സ്ഥാപകർ ഉയർന്നുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഒരു സ്ഥാപനത്തിന് ഇത്രയധികം കൈവരിക്കാൻ സാധിക്കുമെങ്കിൽ, രാജ്യമൊട്ടാകെ വളർന്നുവരുന്ന യുവശക്തി എത്രത്തോളം വലുതായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂവെന്ന് വ്യക്തമാക്കി. ഇതിനോടൊപ്പം ഗവേഷണ രംഗത്തെ വലിയ അവസരങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ്, റിസർച്ച് ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്കീം, നാഷണൽ റിസർച്ച് ഫൗണ്ടേഷൻ തുടങ്ങിയ പദ്ധതികൾ വഴി രാജ്യത്തെ ഗവേഷണ മേഖലയെ ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഗവേഷണ മേഖലയ്ക്കായി ഒരു ലക്ഷം കോടി രൂപയോളം വകയിരുത്തുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ‘വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിയിലൂടെ അന്താരാഷ്ട്രതലത്തിലെ പ്രമുഖ ഗവേഷണ ജേണലുകൾ ചെറുകിട നഗരങ്ങളിലെ വിദ്യാർത്ഥികൾക്ക് പോലും സൗജന്യമായി ലഭ്യമാക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഇന്ത്യയുടെ സെമികണ്ടക്ടർ നിർമ്മാണ രംഗത്തെ മുന്നേറ്റം ചൂണ്ടിക്കാട്ടിക്കൊണ്ട്, കഠിനമായ വെല്ലുവിളികളെ ഗൗരവമായി നേരിട്ടാൽ എന്തും സാധ്യമാകുമെന്ന് മോദി ഉദാഹരിച്ചു. തുടക്കത്തിൽ ഇന്ത്യയ്ക്ക് സെമികണ്ടക്ടറുകൾ നിർമ്മിക്കാൻ കഴിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും, ഇന്ന് രാജ്യത്തെ ആദ്യ സെമികണ്ടക്ടർ യൂണിറ്റിൽ ഉൽപ്പാദനം ആരംഭിച്ചുകഴിഞ്ഞു. ഭാവിയിൽ ചിപ്പുകൾ മുതൽ കപ്പലുകൾ വരെ എല്ലാം നിങ്ങളുടെ കൈകളാൽ ഇവിടെത്തന്നെ നിർമ്മിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വലിയ പ്രശ്നങ്ങൾ കണ്ട് ഭയപ്പെടരുതെന്നും, സിമുലേഷൻ ജോലികൾ ചെയ്യുമ്പോൾ ചെയ്യുന്നതുപോലെ പ്രശ്നങ്ങളെ ചെറിയ ഭാഗങ്ങളായി വിഭജിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു.
ബിരുദധാരികളുടെ അടുത്ത 30 മുതൽ 35 വരെയുള്ള വർഷങ്ങൾ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ നിർണ്ണായകമായിരിക്കുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അതിനാൽ ഏതൊരു തീരുമാനമെടുക്കുമ്പോഴും ഇത് രാജ്യത്തിന് എങ്ങനെ പ്രയോജനപ്പെടും, ഏത് ദേശീയ ആവശ്യമാണ് ഇത് നിറവേറ്റുക എന്ന് സ്വയം ചോദിക്കണം. പുതിയ പരിഹാരങ്ങൾ കണ്ടെത്താനുള്ള ധൈര്യത്തിന് വെല്ലുവിളികളെ മികച്ച അവസരങ്ങളാക്കി മാറ്റാൻ കഴിയും എന്ന ലളിതമായ സന്ദേശത്തോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.