‘മെഡൽ വാങ്ങുമ്പോൾ പ്രധാനമന്ത്രിക്ക് മുന്നിൽ കുനിയണം; മന്ത്രോച്ചാരണ സമയത്ത് എഴുന്നേൽക്കണം’; ഐഐടി ഡൽഹിയിലെ ബിരുദദാന ചടങ്ങ് വിവാദത്തിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഡൽഹി ഐഐടിയിലെ 57-ാമത് ബിരുദദാന ചടങ്ങ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടും അധികൃതരുടെ വിവാദ നിർദ്ദേശങ്ങൾ കൊണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. വിദ്യാർത്ഥികൾക്ക് മെഡൽ സമ്മാനിക്കുന്ന വേളയിൽ പ്രധാനമന്ത്രിയുടെ മുന്നിൽ എത്രത്തോളം തല കുനിക്കണം എന്നതിനെക്കുറിച്ച് പ്രത്യേക നിർദ്ദേശം നൽകിയതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.
ഇതിന് പുറമെ പരിപാടിയിൽ വൈദിക മന്ത്രങ്ങൾ ഉരുവിടുമ്പോൾ എല്ലാവരും നിർബന്ധമായും എഴുന്നേറ്റ് നിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി.
587 പി.എച്ച്.ഡി സ്കോളർമാർ ഉൾപ്പെടെ മൂവായിരത്തോളം വിദ്യാർത്ഥികളാണ് ദൽഹി ഐ.ഐ.ടിയിൽ നടന്ന ഈ ചടങ്ങിൽ ബിരുദം സ്വീകരിച്ചത്. ഇതിൽ മികച്ച വിജയം നേടിയ ഒൻപത് വിദ്യാർത്ഥികൾക്ക് പ്രസിഡൻ്റ്സ് ഗോൾഡ് മെഡൽ, ഡയറക്ടേഴ്സ് ഗോൾഡ് മെഡൽ തുടങ്ങിയ സുപ്രധാന പുരസ്കാരങ്ങൾ പ്രധാനമന്ത്രി നേരിട്ട് സമ്മാനിച്ചു. രാജ്യത്ത് നടന്ന ജെൻ സി പ്രതിഷേധങ്ങൾക്ക് ശേഷം പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി നേരിട്ട് സംവദിച്ച ആദ്യ വേദി കൂടിയായിരുന്നു ഇത്. എന്നാൽ പരിപാടിയുടെ ഭാഗമായി ക്യാമ്പസിൽ ഏർപ്പെടുത്തിയ കർശന സുരക്ഷാ ക്രമീകരണങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഏറെ വലച്ചു.
ദിവസങ്ങൾക്ക് മുൻപ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുടെ ബാഗുകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ബിരുദദാന ചടങ്ങ് നടന്ന ദോഗ്ര ഹാളിലേക്ക് മെറ്റൽ ഡിറ്റക്ടറുകൾ വഴിയുള്ള പരിശോധനകൾക്കും കർശനമായ തിരിച്ചറിയൽ രേഖാ പരിശോധനകൾക്കും ശേഷമാണ് പ്രവേശനം അനുവദിച്ചത്. കൂടാതെ മൊബൈൽ ഫോൺ, ബാഗുകൾ, കുപ്പിവെള്ളം, കുട തുടങ്ങിയവ കൊണ്ടുപോകുന്നതിനും കർശന വിലക്കേർപ്പെടുത്തിയിരുന്നു.
ഇതിനുപുറമെ കാമ്പസിലെ വാഹന ഗതാഗതത്തിനും മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ആദരിക്കൽ ചടങ്ങ് കാരണം ആദ്യ പകുതിയിൽ നടക്കേണ്ടിയിരുന്ന സാധാരണ ബിരുദ സർട്ടിഫിക്കറ്റ് വിതരണം രണ്ടാം പകുതിയിലേക്ക് മാറ്റിവെക്കേണ്ടി വന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, സംഭവത്തെ ശക്തമായി അപലപിച്ച് അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 28 പ്രകാരം പൂർണ്ണമായും സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകളോ പഠനങ്ങളോ പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും, അതിനാൽ വേദമന്ത്രങ്ങൾ ചൊല്ലുമ്പോൾ എല്ലാവരും നിർബന്ധമായും എഴുന്നേറ്റ് നിൽക്കണമെന്ന നിർദ്ദേശം ഈ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ഭരണഘടനയിലെ ആർട്ടിക്കിൾ 51 എ (എച്ച്) പ്രകാരം ജനങ്ങളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്തുക എന്നത് പൗരന്മാരുടെ അടിസ്ഥാന കടമയാണെന്നും, പ്രധാനമന്ത്രിക്ക് മുന്നിൽ എത്രത്തോളം തല കുനിക്കണമെന്നൊക്കെയുള്ള നിർദ്ദേശങ്ങൾ ശാസ്ത്രീയ കാഴ്ചപ്പാടുകൾക്ക് തികച്ചും വിരുദ്ധമാണെന്നും ഒവൈസി കൂട്ടിച്ചേർത്തു. രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികളോടുമായി സംസാരിക്കവെ, സർക്കാർ തെറ്റായ തീരുമാനങ്ങൾ എടുക്കുമ്പോൾ രാജ്യതാൽപര്യം മുൻനിർത്തി ഭരണഘടനാ വിരുദ്ധമായ ഇത്തരം നടപടികൾക്കെതിരെ വിദ്യാർത്ഥികൾ ശക്തമായി ശബ്ദമുയർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.