ഓട് പൊളിച്ച് കല്ലിടാൻ പ്ലാൻ, നടക്കാത്തപ്പോൾ ശുചിമുറി വഴി അകത്തേക്ക്; ഹരിപ്പാട്ടെ കൊലപാതകവും കവർച്ചയും ലൈവായി കണ്ട് 13-കാരി!
ഹരിപ്പാട്: ഹരിപ്പാട്ട് ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന്റെ പ്രധാന ആസൂത്രക 13 വയസ്സുള്ള പെൺകുട്ടിയാണെന്ന് പോലീസ് അറിയിച്ചു. ആഭരണങ്ങൾ മോഷ്‌ടിക്കുക മാത്രമായിരുന്നില്ല, ഗൃഹനാഥനെ കൊലപ്പെടുത്തണമെന്ന് കർശന നിർദേശം നൽകിയതും കൊലപാതകം വിഡിയോ കോളിലൂടെ തത്സമയം കണ്ടു ഉറപ്പുവരുത്തിയതും പെൺകുട്ടിയായിരുന്നു.
ആദ്യം വീടിന്റെ മേൽക്കൂരയിലെ ഓടു നീക്കി ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു കൊല്ലാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ മേൽക്കൂരയ്ക്ക് താഴെ മച്ച് ഉണ്ടെന്നു മനസ്സിലായതോടെ, വീടിനു പിന്നിലെ ശുചിമുറിയുടെ എക്സ്ഹോസ്‌റ്റ് ഫാനിനായുള്ള ഭാഗത്തുകൂടി രണ്ടുപേർ അകത്തുകയറുകയായിരുന്നു. തുടർന്ന് മുൻവാതിൽ തുറന്ന് മൂന്നാമനെയും അകത്തുകയറ്റി. വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനെ മർദിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 4.5 പവന്റെ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.
കവർന്നതിൽ 1.5 ഗ്രാം ആഭരണം 16,000 രൂപയ്ക്ക് വിറ്റു. ബാക്കി സ്വർണം പോലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു. വിൽപനയ്ക്ക് സഹായിച്ചയാളെയും കേസിൽ ഉൾപ്പെടുത്തും. എന്നാൽ ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി സൂചനയില്ല.
ചെറുപ്പം മുതലേയുള്ള പ്രശ്നങ്ങൾ നിറഞ്ഞ കുടുംബ ജീവിതവും, മോശം കൂട്ടുകെട്ടുകളും, ബന്ധുവിൽ നിന്നുള്ള മോശം പെരുമാറ്റവുമാണ് പെൺകുട്ടിയെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. അമ്മ വിദേശത്തേക്ക് പോയതിനെ തുടർന്ന് ചിൽഡ്രൻസ് ഹോമിലും ബന്ധുവീടുകളിലുമായിട്ടാണ് കുട്ടി വളർന്നത്. പിന്നീട് അമ്മ പുനർവിവാഹം കഴിച്ചതോടെ തന്നിൽ നിന്ന് പൂർണമായി അകന്നതായി കുട്ടി പോലീസിനോട് പറഞ്ഞു.
സംഭവദിവസം കൂട്ടുകാരന്റെ വീട്ടിൽ തങ്ങി സാന്നിധ്യം ഒഴിവാക്കിയ പെൺകുട്ടി, കൊലപാതകം നടന്നതിന്റെ പിറ്റേന്ന് സ്കൂൾ യൂണിഫോം ധരിച്ച് ഓണപ്പരീക്ഷ എഴുതാൻ ഇറങ്ങിയതാണ് പോലീസിൽ സംശയം ജനിപ്പിച്ചത്. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഫോൺരേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കാണിച്ചതോടെ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.