‘ബിജെപി ഇപ്പോൾ ‘ഗുജറാത്തി കമ്പനി’, സമ്പത്തും വൻകിട പദ്ധതികളും ഗുജറാത്തിലേക്ക് മാത്രം ഒഴുക്കുന്നു,ദക്ഷിണേന്ത്യയോട് കടുത്ത അവഗണനയും പുച്ഛവും’; അണ്ണാമലൈയെ പിന്തുണച്ച് സന്ദീപ് വാര്യർ
തിരുവനന്തപുരം: ബിജെപി ഇന്നൊരു കേവല ‘ഗുജറാത്തി കമ്പനി’യായി മാറിയെന്ന രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബിജെപിക്കെതിരെ മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അടുത്തിടെ നടത്തിയ തുറന്നുപറച്ചിലുകളെ പൂർണ്ണമായും പിന്തുണച്ചുകൊണ്ടാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്.
അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച് ബിജെപി ഇന്ന് പൂർണ്ണമായും ഒരു ഉത്തരേന്ത്യൻ പാർട്ടിയായി, കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഒരു ‘ഗുജറാത്തി പാർട്ടി’യായി ചുരുങ്ങിയെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. അണ്ണാമലൈയുടെ രാഷ്ട്രീയ നിലപാടുകളോട് പൂർണ്ണ യോജിപ്പില്ലെങ്കിലും, ബിജെപിക്കെതിരെ അദ്ദേഹം ഇപ്പോൾ ഉയർത്തുന്ന വിമർശനങ്ങൾ തികച്ചും വസ്തുതാപരവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.
ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ് നിലവിലെ കേന്ദ്ര ഭരണമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് അങ്ങേയറ്റത്തെ വിവേചനമാണ് ബിജെപി കാണിക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഉന്നത നേതാക്കൾക്ക് ദക്ഷിണേന്ത്യക്കാരോട് വല്ലാത്ത പുച്ഛമാണുള്ളത്. കേന്ദ്ര പദ്ധതികളുടെയെല്ലാം പേരുകൾ ഹിന്ദിയിൽ മാത്രം നിശ്ചയിക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ ഭാഷകളെ മനഃപൂർവ്വം അവഗണിക്കുകയാണെന്നും, ഇത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങളുടെ ഭാഗമാണെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. ബിജെപിയുടെ ദേശീയ ഭാരവാഹി പട്ടികയിൽ പോലും ദക്ഷിണേന്ത്യക്കാരോടുള്ള ഈ അവഗണന വളരെ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ കോടാനുകോടി രൂപയുടെ നികുതിപ്പണം ഉപയോഗിച്ചുള്ള വൻകിട വികസന പ്രവർത്തനങ്ങളെല്ലാം ഇന്ന് ഗുജറാത്തിനെ മാത്രം കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന ഗൗരവമുള്ള ആരോപണവും സന്ദീപ് വാര്യർ ഉന്നയിക്കുന്നുണ്ട്. രാജ്യത്തേക്ക് വരുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾ, സെമികണ്ടക്ടർ പ്ലാന്റുകൾ എന്നിവയെല്ലാം ഗുജറാത്തിലേക്കാണ് കൊണ്ടുപോകുന്നത്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയും 2030-ലെ കോമൺവെൽത്ത് ഗെയിംസും എന്തിന് 2036-ലെ ഒളിമ്പിക്സ് വരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകാനാണ് കേന്ദ്രം ശ്രമിക്കുന്നത്. രാജ്യത്തിന്റെ മൊത്തം സമ്പത്തും വികസനവും ഒരു സംസ്ഥാനത്തേക്ക് മാത്രം ഒഴുകുകയാണെന്നും അദ്ദേഹം പറഞ്ഞു. നൽകുന്ന നികുതിപ്പണത്തിന് ആനുപാതികമായ വികസനം തിരികെ ലഭിക്കുന്നില്ലെന്ന ദക്ഷിണേന്ത്യയുടെ കാലങ്ങളായുള്ള പരാതിയെ അണ്ണാമലൈയുടെ തുറന്നുപറച്ചിലുകൾ അടിവരയിട്ട് ഉറപ്പിക്കുകയാണെന്നും ഫെഡറലിസത്തെയും തുല്യനീതിയെയും കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് ഇനിയും സജീവമാകേണ്ടതുണ്ടെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.