‘കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ പാർട്ടി ഫണ്ട് മോഷ്ടിക്കാൻ നടക്കുമായിരുന്നോ?’; ബിജെപിക്കെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ
തൃക്കരിപ്പൂർ: കോടികളുടെ പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബിജെപി നേതൃത്വത്തെ പരിഹസിച്ച് സന്ദീപ് വാര്യർ രംഗത്ത്. ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടർന്ന് പാർട്ടി നടപടിയെടുത്തതായും ഓഫീസ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയതായുമുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പ്രതികരണം.
ഉത്തർപ്രദേശിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഫണ്ട് തട്ടിപ്പ് ആരോപണങ്ങളെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ബിജെപി നേതാക്കൾ പാർട്ടി ഫണ്ട് മോഷ്ടിക്കാൻ നടക്കുമായിരുന്നോ എന്നും, അവിടെ നിന്ന് അടിച്ചുമാറ്റി ജീവിക്കുമായിരുന്നില്ലേ എന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ഫണ്ട് തട്ടിപ്പിൽ സംസ്ഥാന നേതാക്കൾക്കെതിരെ നടപടിയെടുത്തതായി അറിഞ്ഞുവെന്നും, എന്നാൽ ഈ ഫണ്ട് ചോർച്ചയ്ക്ക് ഉത്തരവാദികൾ കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പ്രത്യാക്രമണവുമായി ബിജെപി അനുഭാവികൾ കമന്റ് സെക്ഷൻ കീഴടക്കി. സന്ദീപ് വാര്യരുടെ പഴയ രാഷ്ട്രീയ നിലപാടുകളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. മുസ്ലീങ്ങളെ മൊത്തത്തിൽ തെറിവിളിച്ചു നടന്ന സന്ദീപിനെ ഉൾക്കൊള്ളാൻ മാത്രം അവർ ഗതികെട്ടോ എന്നും, വടക്കോട്ട് നോക്കി കുരയ്ക്കാതെ കേരളത്തിലെ ക്ഷേത്ര സ്വർണ കൊള്ളയെ പറ്റി പറയൂ എന്നുമടക്കമുള്ള കമന്റുകളുമായാണ് ബിജെപി അനുഭാവികൾ രംഗത്തെത്തിയിരിക്കുന്നത്.