‘അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്, ആഗ്രഹങ്ങളില്ലാത്ത വിശുദ്ധരൊന്നുമല്ല അവർ’; സിജെപി സ്ഥാപകരെക്കുറിച്ച് സോനം വാങ്ചുക്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകർക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും, എന്നാൽ യുവനേതാക്കൾക്ക് ഇത്തരം മോഹങ്ങൾ ഉണ്ടാകുന്നതിൽ യാതൊരു തെറ്റുമില്ലെന്നും പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന വിദ്യാർഥി സമരത്തിനിടെയാണ് ഇവരെക്കുറിച്ചുള്ള ഈ വിലയിരുത്തലിൽ താൻ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഖർ ഗുപ്‌തയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ. “സിജെപി നേതാക്കൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. അവരെ ഞാൻ വളരെ സൂക്ഷ്‌മമായി നിരീക്ഷിച്ചിട്ടുണ്ട്. തങ്ങൾക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് അവർ എന്നോട് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും, എന്റെ വിലയിരുത്തൽ അതാണ്. അവർ ആഗ്രഹങ്ങളൊന്നുമില്ലാത്ത വിശുദ്ധരൊന്നുമല്ല. അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് എനിക്ക് ഉറപ്പാണ്, അതിൽ ഒരു തെറ്റുമില്ല,” വാങ്ചുക് വ്യക്തമാക്കി.
സമരത്തിൽ പങ്കെടുക്കുന്ന സമയത്ത്, സിജെപി നേതാവായ അഭിജീത് ദിപ്കെ മുൻപ് ആം ആദ്‌മി പാർട്ടിയിൽ (എ.എ.പി) പ്രവർത്തിച്ചിരുന്ന ആളാണെന്ന് ചൂണ്ടിക്കാട്ടി പലരും തന്നെ സമീപിച്ചിരുന്നതായി വാങ്ചുക് വെളിപ്പെടുത്തി. എന്നാൽ, മുൻപ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കുന്നത് ഒരു തെറ്റല്ലാത്തതിനാൽ താൻ ആ വിമർശനങ്ങളെ കാര്യമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാമെങ്കിലും നിലവിലെ സമരവേദിയെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ട നടപ്പാക്കാൻ ഉപയോഗിക്കരുതെന്ന് താൻ അവർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. സമരവേദി തികച്ചും രാഷ്ട്രീയരഹിതവും നിഷ്‌പക്ഷവുമായ ഒരു സമ്മർദ്ദ ശക്തിയായി നിലനിർത്തിയാൽ മാത്രമേ ജനകീയ വിഷയങ്ങളിൽ വിജയം നേടാനാകൂ എന്ന് അവരെ ഉപദേശിച്ചു. ഒരു പൊതുവിദ്യാർഥി പ്രസ്ഥാനമെന്ന നിലയിൽ സമരത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും അതിന് രാഷ്ട്രീയ നിറം നൽകാതിരിക്കാനും അവർക്ക് സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കരിയർ ആരംഭിക്കുന്നത് ഭാവിയിലേക്ക് മികച്ചൊരു ചുവടുവെപ്പാണെന്നും വാങ്ചുക് കൂട്ടിച്ചേർത്തു.