സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷം: വന്ദേമാതരം വേണ്ട, ദേശീയഗാനം മാത്രം ഉൾപ്പെടുത്തി വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമില്ലെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ പുതിയ സർക്കുലർ പുറത്തിറക്കി. ചടങ്ങുകളിൽ ദേശീയഗാനം നിർബന്ധമായും ഉൾപ്പെടുത്തണമെന്നും ഇതിൽ വ്യക്തമാക്കുന്നു.
സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ ഡയറക്ടർ ഈ സർക്കുലർ നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യദിന ചടങ്ങുകളിൽ ദേശീയഗാനം ആലപിക്കുമ്പോൾ പൂർണ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റു നിൽക്കണം. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം ആഘോഷങ്ങൾ സംഘടിപ്പിക്കേണ്ടത്. കൂടാതെ, ദേശീയപതാക ഉയർത്തുന്നത് സംബന്ധിച്ച ഔദ്യോഗിക മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശത്തിലുണ്ട്.
സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ നിർദേശം ചീഫ് സെക്രട്ടറി കൈമാറുക മാത്രമാണ് ചെയ്തതെന്നും, വന്ദേമാതരം നിർബന്ധമാക്കുന്ന കാര്യത്തിൽ സർക്കാരിനോ യു.ഡി.എഫിനോ അത്തരം നിലപാടുകളില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ ഇതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഈ രാഷ്ട്രീയ വിശദീകരണങ്ങൾക്ക് പിന്നാലെയാണ് വന്ദേമാതരം ഒഴിവാക്കി ദേശീയഗാനം മാത്രം ഉൾപ്പെടുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്കായി പുതിയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്.