03/09/2026
[fontresizer_tawhidurrahmandear_widget]

താലിബാനെതിരെ അവസാന പോരാട്ടം നയിച്ച അഫ്ഗാൻ ജനറൽ; ഇന്ന് യുഎസിൽ ഊബർ ഡ്രൈവർ 

 താലിബാനെതിരെ അവസാന പോരാട്ടം നയിച്ച അഫ്ഗാൻ ജനറൽ; ഇന്ന് യുഎസിൽ ഊബർ ഡ്രൈവർ 

വാഷിങ്ടൺ: 2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുക്കുന്നതിനെതിരെ അവസാന ഘട്ടം വരെ പോരാടിയ മുൻ അഫ്ഗാൻ സൈനിക മേധാവി ഹൈബത്തുള്ള അലിസായ് ഇപ്പോൾ അമേരിക്കയിൽ ഊബർ ഡ്രൈവറായി ജോലി ചെയ്യുന്നു. വാഷിങ്ടൺ ഡിസിയിലാണ് അദ്ദേഹം ടാക്സി ഓടിക്കുന്നത്. സിബിഎസ് ന്യൂസിന്റെ ‘ഫെയ്‌സ് ദി നേഷൻ’ പരിപാടിയിലാണ് അദ്ദേഹം തൻ്റെ ഇപ്പോഴത്തെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

2021 ഓഗസ്റ്റിൽ യുഎസ് സൈനിക പിൻവാങ്ങലിനിടെയാണ് അഫ്ഗാൻ സൈന്യത്തിലെ അവസാനത്തെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന അലിസായ് രാജ്യം വിട്ടത്. താലിബാനെതിരെ പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നതിനിടെ, മിനിറ്റുകൾക്കുള്ളിൽ താവളം ഒഴിഞ്ഞ് പോകാൻ യുഎസ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു. സിവിലിയൻ വേഷത്തിൽ യുഎസ് സൈനിക വിമാനത്തിൽ കുവൈറ്റിലെത്തിയ അദ്ദേഹം പിന്നീട് അമേരിക്കയിൽ അഭയം തേടുകയായിരുന്നു.

കർശനമായ പശ്ചാത്തല പരിശോധനകൾ കാരണം മറ്റ് ജോലികൾ ലഭിക്കാൻ പ്രയാസമായതിനാലാണ് ഊബർ ഡ്രൈവറായതെന്ന് അലിസായ് വ്യക്തമാക്കി. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഭാര്യയിൽ നിന്നും മൂന്ന് മക്കളിൽ നിന്നും വേർപെട്ടാണ് അദ്ദേഹം കഴിയുന്നത്. യാത്രകൾക്ക് വിലക്കുള്ളതിനാൽ എന്ന് കുടുംബത്തെ കാണാനാകുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

20 വർഷത്തെ യുദ്ധത്തിൽ അഫ്ഗാൻ-യുഎസ് സൈനികർ രക്തബന്ധം പങ്കിട്ടവരാണെന്നും, തിരിച്ചടികൾ നേരിട്ടെങ്കിലും ഭാവിയിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിലെ യുഎസ് ഇടപെടൽ അമേരിക്കൻ മണ്ണിൽ തീവ്രവാദ ആക്രമണങ്ങൾ തടയുന്നതിൽ വിജയിച്ചതായും അലിസായ് വിലയിരുത്തി.

Also read: