എരുമേലി ഷിബു ഖാൻ കൊലക്കേസ്: സിപിഎം മണിമല പഞ്ചായത്ത് അംഗം ജോജി ജോൺ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
തൊടുപുഴ: എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാൻ കൊല്ലപ്പെട്ട കേസിൽ സിപിഎം ജനപ്രതിനിധി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം മണിമല പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് പിടിയിലായത്.
മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച പുലർച്ചെ ഷിബു ഖാനും സുഹൃത്ത് കുഞ്ഞുമോനും മദ്യപിച്ചിരുന്ന സമയത്ത് ജോജി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും വാക്കുതർക്കമുണ്ടാകുകയുമായിരുന്നു. തുടർന്നുണ്ടായ മർദനത്തിനിടെ ഭയന്നോടിയ ഷിബുവിനെ പ്രതികൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ബുധനാഴ്ചയാണ് ഷിബു ഖാനെ വീടിന് സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന് ശേഷം കാണാതായ സുഹൃത്ത് കുഞ്ഞുമോനായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.