22/10/2026
[fontresizer_tawhidurrahmandear_widget]

വിവാഹവാർഷിക ആഘോഷത്തിനിടെ കുളു-മണാലിയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

 വിവാഹവാർഷിക ആഘോഷത്തിനിടെ കുളു-മണാലിയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ

കൊച്ചി: ഒന്നാം വിവാഹവാർഷിക ആഘോഷത്തിനിടെ ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എറണാകുളം പെരുമ്പാവൂർ അല്ലപ്ര ചീനിക്കുഴി കണ്ടനാടൻ വീട്ടിൽ സാബിൻ മാത്യു കുര്യൻ (33) ആണ് മരിച്ചത്. ഭാര്യ കോതമംഗലം നെല്ലിമറ്റം സ്വദേശിനി അക്ഷര ജോസ് (28) പരിക്കുകളോടെ ചികിത്സയിലാണ്.

കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയ്ക്ക് കുളുവിലെ ജിബി-സോജാ ലിങ്ക് റോഡിലായിരുന്നു അപകടം. മണാലിയിൽ നിന്ന് വാടകയ്ക്കെടുത്ത ബൈക്കിൽ സോജയിൽ നിന്ന് ജിബിയിലേക്ക് പോകുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് ആഴമേറിയ ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. സാബിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

തൃപ്പൂണിത്തുറ ഇരുമ്പനം റെയിൽവേയിൽ എഞ്ചിനിയറിങ് വിഭാഗം ജീവനക്കാരനായ സാബിൻ കായിക താരം കൂടിയാണ്. യുകെയിലെ ബെഡ്‌ഫോർഡിൽ എൻഎച്ച്എസ് ആശുപത്രിയിൽ ബയോടെക്നോളജിസ്റ്റായി ജോലി ചെയ്തിരുന്ന അക്ഷര, വിസ കാലാവധി പൂർത്തിയായതിനെ തുടർന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. സെപ്റ്റംബർ 12-നാണ് ഇരുവരും കുളു-മണാലിയിലേക്ക് യാത്ര തിരിച്ചത്.

ചികിത്സയിൽ കഴിയുന്ന അക്ഷരയുടെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ബന്ധുക്കൾ മണാലിയിലെത്തി നടത്തിവരുന്നു. ഭർത്താവിന്റെ മരണവിവരം അക്ഷരയെ ഇതുവരെ അറിയിച്ചിട്ടില്ല.

നാട്ടിലെത്തിച്ച സാബിന്റെ മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അക്ഷര നാട്ടിലെത്തിയ ശേഷം തിങ്കളാഴ്ച തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയപള്ളിയിൽ സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

Also read: