22/10/2026
[fontresizer_tawhidurrahmandear_widget]

‘കോടതികളിൽ പോലും ആർഎസ്എസ് സ്വാധീനം, ഇന്ത്യൻ സൈന്യത്തിലും അന്വേഷണ ഏജൻസികളിലും വരെ അവർ നുഴഞ്ഞുകയറി; ‘ദൗർഭാഗ്യവശാൽ ബിജെപിയെ പ്രതിപക്ഷം വേറൊരു പാർട്ടിയായി മാത്രം കാണുന്നു’; എം.എ ബേബി

 ‘കോടതികളിൽ പോലും ആർഎസ്എസ് സ്വാധീനം, ഇന്ത്യൻ സൈന്യത്തിലും അന്വേഷണ ഏജൻസികളിലും വരെ അവർ നുഴഞ്ഞുകയറി; ‘ദൗർഭാഗ്യവശാൽ ബിജെപിയെ പ്രതിപക്ഷം വേറൊരു പാർട്ടിയായി മാത്രം കാണുന്നു’; എം.എ ബേബി

എം.എ ബേബി

കോഴിക്കോട്: രാജ്യത്തെ കോടതികളിൽ ഉൾപ്പെടെ ആർഎസ്എസിന്റെ ശക്തമായ സ്വാധീനമുണ്ടെന്നും, അന്വേഷണ ഏജൻസികളിലെ അവരുടെ ഇടപെടലുകളുടെ പ്രത്യാഘാതം പാർട്ടി ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കോഴിക്കോട്ട് വെച്ച് നടക്കുന്ന സിപിഎം വിപുലീകരണ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിടെയാണ് പിഴച്ചതെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് ജനപക്ഷത്ത് നിന്നുകൊണ്ട് തിരുത്തലുകൾ വരുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യൻ ഭരണകൂട സംവിധാനങ്ങളുടെ മർമ്മപ്രധാനമായ എല്ലാ സ്ഥാനങ്ങളിലും ആർഎസ്എസ് തങ്ങളുടെ സ്വാധീനം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ പാർട്ടി പരിപാടിയിൽ തന്നെ ആർഎസ്എസിന്റെ ഫാഷിസ്റ്റ് സ്വഭാവത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അവരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബിജെപിയെ വെറുമൊരു രാഷ്ട്രീയ പാർട്ടിയായി മാത്രം കാണാൻ സാധിക്കില്ല. എന്നാൽ ദൗർഭാഗ്യവശാൽ രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയായി മാത്രമാണ് കാണുന്നത്. ‘ഇൻഡ്യ’ സഖ്യം ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിക്ക് എതിരായ പോരാട്ടത്തിൽ കൂടുതൽ കാര്യക്ഷമമായ പങ്ക് വഹിക്കേണ്ടതുണ്ട്. എന്നാൽ ആർഎസ്എസിന്റെ ഫാഷിസ്റ്റ് സ്വഭാവത്തെക്കുറിച്ച് അവർക്കുള്ള ധാരണക്കുറവ് ഈ പോരാട്ടത്തിന് ഒരു വലിയ തടസ്സമാണ്. തങ്ങളിൽ നിന്നും അധികാരം പിടിച്ചെടുത്ത മറ്റൊരു പാർട്ടി എന്ന നിലയിൽ മാത്രമാണ് പ്രതിപക്ഷം ബിജെപിയെ സമീപിക്കുന്നത്.

കോടതികളിൽ പോലും അവർക്ക് വലിയ സ്വാധീനമുണ്ട്. ചില സമയങ്ങളിൽ കോടതികളിൽ നിന്ന് വരുന്ന ചില പ്രതികരണങ്ങൾ, ഭരണകൂടത്തിന്റെ കേവലമൊരു അനുബന്ധമായി കോടതികൾ മാറി എന്ന ചിന്ത ജനങ്ങൾക്കിടയിൽ ഉണ്ടാകുന്നത് തടയാൻ വേണ്ടിയുള്ളതാണെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ് സുപ്രീം കോടതി വിളിച്ചാൽ അവിടെപ്പോയി കാര്യങ്ങൾ വിശദീകരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സൈന്യത്തിലും അന്വേഷണ ഏജൻസികളിലും വരെ ആർഎസ്എസ് നുഴഞ്ഞുകയറിയിരിക്കുകയാണ്. അന്വേഷണ ഏജൻസികളിലെ അവരുടെ സ്വാധീനത്തിന്റെ അനന്തരഫലമാണ് കേരളത്തിൽ ഇപ്പോൾ പാർട്ടി നേതൃത്വം നേരിടുന്നതെന്നും ഇതിന് കൂടുതൽ വിശദീകരണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് കോടിക്കണക്കിന് ആളുകളെയാണ് പ്രത്യേക ലക്ഷ്യത്തോടെ നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്. നടൻ പ്രകാശ് രാജിന് പോലും വോട്ട് ചെയ്യാൻ കഴിയുമോ എന്ന് സംശയമാണ്. മൂന്നിലധികം രാജ്യങ്ങളിൽ അംബാസഡറായിരുന്ന ആളുടെ പൗരത്വം വരെ ചോദ്യം ചെയ്യപ്പെടുന്നു. ബംഗാളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോലും വോട്ടില്ലാത്ത വിചിത്രമായ സാഹചര്യമുണ്ടായെന്നും എംഎ ബേബി ചൂണ്ടിക്കാട്ടി.

‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’ എന്ന കടമ്മനിട്ടയുടെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തിരുത്തലുകളുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിന് നൽകിയ സംഭാവനകൾ വലുതാണ്. എന്നാൽ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ വിലയിരുത്തി ജനസ്വാധീനം തിരിച്ചുപിടിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. ഈ യോഗം അതിനുള്ള ചർച്ചകൾക്ക് വേദിയാകും. സിപിഎമ്മിന് അവരുടെ ചരിത്രം ഓർമ്മയില്ലാത്ത രീതിയിലുള്ള വ്യാജ പ്രചാരണങ്ങളാണ് പലയിടങ്ങളിൽ നിന്നും നടക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ നിർമ്മിതിയായ വിമോചന സമരം ഇപ്പോഴും പല രൂപത്തിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also read: