26/09/2026
[fontresizer_tawhidurrahmandear_widget]

മലപ്പുറം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു, നാലുപേർക്കായി തിരച്ചിൽ തുടരുന്നു

 മലപ്പുറം കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു, നാലുപേർക്കായി തിരച്ചിൽ തുടരുന്നു

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. മൃതദേഹം കരയ്‌ക്കെത്തിച്ചിട്ടുണ്ട്, എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വൈകുന്നേരം അഞ്ച് മണിയോടെയാണ് ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലും ഉളർവട്ടം കടവിലും മലവെള്ളപ്പാച്ചിലുണ്ടായത്. ഈ പ്രദേശത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും, വനപ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് പുഴയിൽ പെട്ടെന്ന് വെള്ളം ഉയർന്നത്. അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇതിൽ ഒരാളുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കാണാതായ നാലുപേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ, മുങ്ങൽ വിദഗ്ദ്ധർ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ധാരാളം പാറക്കെട്ടുകളുള്ള ഈ പുഴ അപകടസാധ്യതയേറിയതാണെങ്കിലും, സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ കണ്ട് നിരവധി വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്. അപകടത്തിൽപ്പെട്ടവർ നാട്ടുകാരാണോ അതോ പുറത്തുനിന്നുള്ള വിനോദസഞ്ചാരികളാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

പ്രദേശത്ത് ഇരുട്ട് വീണത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കൂടുതൽ വെളിച്ചം എത്തിച്ച് തിരച്ചിൽ തുടരാനാണ് ശ്രമം. നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റിന് പുറമെ കൂടുതൽ സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Also read: