മാസപ്പടി കേസ്: വിവാദമായ ‘റെഡ് ബുക്കിൽ’ റിയാസുമായി ബന്ധപ്പെട്ട പണമിടപാടുകൾ; ഹവാല ഇടപാട് വീണ സമ്മതിച്ചിട്ടുണ്ടെന്ന് ഇഡി
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും ഭാര്യ ടി. വീണയെയും കൂടുതൽ പ്രതിരോധത്തിലാക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ വിവാദമായ ‘റെഡ് ബുക്കിൽ’ ഉള്ളത് മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ രേഖകളാണെന്നും, ഹവാല ഇടപാടുകൾ നടത്തിയതായി ചോദ്യം ചെയ്യലിൽ വീണ സമ്മതിച്ചിട്ടുണ്ടെന്നും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കുന്നു.
ദുബായിലുള്ള വി.പി. ഫൈജാസ് എന്ന വ്യക്തിക്ക് പണം കൈമാറിയതിന്റെ വിവരങ്ങളും, ഈ കണക്കുകൾ റെഡ് ബുക്കിൽ രേഖപ്പെടുത്തിയത് വീണയാണെന്നുമുള്ള നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്. റെഡ് ബുക്കിലെ ചില പേജുകളുടെ പകർപ്പുകളും കണക്കുകളുടെ വിശദാംശങ്ങളും ഈ കത്തിലുണ്ട്. ഇഡിയുടെ ചോദ്യം ചെയ്യലിൽ ഉയർന്നുവന്ന രേഖകളുടെ അടിസ്ഥാനത്തിൽ വിദേശത്തേക്ക് പണം കൈമാറിയ കാര്യം വീണ സമ്മതിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹവാല വഴി പണം കടത്തിയതിലും വിദേശത്ത് നിക്ഷേപം നടത്തിയതിലും വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ഇഡി പൊലീസിന് കത്ത് നൽകിയിരിക്കുന്നത്.
വീണയ്ക്ക് സ്വന്തമായി പ്രത്യേക വരുമാനമില്ലാതിരുന്ന കാലയളവിൽ നടന്ന ഇടപാടുകളാണിതെന്നും, അതിനാൽ ഈ തുക മുഴുവൻ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതാണെന്നുമാണ് അന്വേഷണ ഏജൻസിയുടെ പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിനായി കാത്തുനിൽക്കാതെ, ഹവാല-കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമങ്ങൾ പ്രകാരം നേരിട്ട് കേസെടുക്കാനാണ് ഇഡിയുടെ നീക്കം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സി.എം.ആർ.എൽ കമ്പനി ഉദ്യോഗസ്ഥരെയും ഓഡിറ്റർമാരെയും വീണ്ടും ചോദ്യം ചെയ്യും. ഇതിന് ശേഷമായിരിക്കും കൂടുതൽ കർശന നടപടികളിലേക്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കടക്കുക.