‘ക്ലീനാക്കാൻ ആളില്ല’; ട്രൈബൽ സ്കൂളിൽ കുട്ടികളെക്കൊണ്ട് ടോയ്ലറ്റ് കഴുകിച്ച് പ്രധാനാധ്യാപിക
കോയമ്പത്തൂർ: സ്കൂളിലെ ശുചിമുറികൾ വിദ്യാർഥികളെക്കൊണ്ട് കഴുകിച്ച സംഭവത്തിൽ പ്രധാന അധ്യാപികയ്ക്കെതിരെ ജില്ലാ ആദിദ്രാവിഡ-ഗോത്രവർഗ്ഗ വകുപ്പും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു. കോയമ്പത്തൂരിനടുത്തുള്ള പളമലൈ മേഖലയിലെ കുഞ്ചൂർപതി ഗവൺമെൻ്റ് ട്രൈബൽ റെസിഡൻഷ്യൽ മിഡിൽ സ്കൂളിലാണ് സംഭവം. കുട്ടികൾ ടോയ്ലറ്റ് ശുചീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയത്.
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള 40-ഓളം വിദ്യാർഥികളാണ് ഈ സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. ശുചീകരണ തൊഴിലാളികൾ കൃത്യമായി എത്തുന്നില്ലെന്ന് ആരോപിച്ചാണ് പ്രധാന അധ്യാപിക കുട്ടികളെക്കൊണ്ട് ശുചിമുറികൾ വൃത്തിയാക്കിച്ചതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. ഇത് കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായി ഇത്തരം നിയമവിരുദ്ധ രീതികൾ സ്കൂളിൽ പതിവായിരുന്നുവെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു.
ഇതിനുപുറമെ, ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് വിദ്യാർഥിനിയെ വടികൊണ്ട് മർദ്ദിച്ച് പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്. സംഭവം അറിഞ്ഞ് സ്കൂളിലെത്തിയ മാതാപിതാക്കൾ പ്രധാനാധ്യാപികയുമായി വാക്കേറ്റത്തിലേർപ്പെട്ടു. സ്കൂളിലെ ജലസംഭരണികളിൽ തവളകളുണ്ടെന്നും ചുറ്റുമതിൽ തകർന്ന അവസ്ഥയിലാണെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. അധ്യാപകർ കൃത്യസമയത്ത് എത്താറില്ലെന്നും കുട്ടികൾക്ക് കൃത്യമായി ഭക്ഷണം നൽകുന്നില്ലെന്നും പരാതിയുണ്ട്.
സെപ്റ്റംബർ 6-ന് തന്നെ അധ്യാപികയ്ക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്കൂളിലെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ അധ്യാപികയ്ക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.