‘തിയേറ്ററുകളിൽ 99 രൂപയ്ക്ക് പോപ്കോൺ നൽകാൻ തീരുമാനമില്ല’; റിപ്പോർട്ടുകൾ തള്ളി ഉടമകളുടെ സംഘടന
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ 99 രൂപയ്ക്ക് പോപ്കോൺ നൽകാൻ തീരുമാനിച്ചെന്ന വാർത്തകൾ തള്ളി തിയേറ്റർ ഉടമകളുടെ സംഘടനയായ FEUOK. തിയേറ്ററുകളിലെ ലഘുഭക്ഷണങ്ങളുടെ വില നിയന്ത്രിക്കാൻ അസോസിയേഷന് അധികാരമില്ലെന്നും, പലയിടത്തും ഇവയുടെ നടത്തിപ്പ് മൂന്നാം കക്ഷികൾക്കാണെന്നും ഫിയോക് എക്സിക്യൂട്ടീവ് അംഗം സുരേഷ് ഷേണായ് വ്യക്തമാക്കി.
തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാർ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ഉയർന്ന വില ഈടാക്കുന്ന മൾട്ടിപ്ലക്സുകളെ ഒഴിവാക്കി ഫിയോക്കിന്റെ കീഴിലുള്ള തിയേറ്ററുകളെ മാത്രമാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്. കേരളത്തിലെ 750 ഓളം സ്ക്രീനുകളിൽ 600-650 എണ്ണവും ഫിയോക്കിന് കീഴിലാണ്. ഇതിൽ 50 മുതൽ 60 ശതമാനം വരെ തിയേറ്ററുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ വലിയ മൾട്ടിപ്ലക്സുകളെ ഒഴിവാക്കിയതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, തിയേറ്ററുകളിലെ ഭക്ഷണക്കൊള്ളയ്ക്കെതിരെ കടുത്ത നടപടിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. അമിതവില ഈടാക്കിയതുമായി ബന്ധപ്പെട്ട് നിലവിൽ കണ്ടെത്തിയ 9 കേസുകളിൽ ഉപഭോക്തൃ കോടതികളിൽ കേസ് ഫയൽ ചെയ്യാൻ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് സർക്കാർ അനുമതി നൽകി. 500-ഉം 600-ഉം രൂപ പോപ്കോണിന് ഈടാക്കുകയും അത് കുറയ്ക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്താൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് മുന്നറിയിപ്പ് നൽകി.
തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ മാത്രം പോപ്കോൺ 99 രൂപയ്ക്ക് നൽകാം എന്ന തിയേറ്ററുകളുടെ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്നും, എല്ലാ ദിവസവും വില കുറയ്ക്കണമെന്നുമാണ് സർക്കാരിന്റെ നിലപാട്. പോപ്കോൺ, ചായ എന്നിവയുടെ അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചതുൾപ്പെടെയുള്ള ലംഘനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് വകുപ്പുകൾ ഇതുവരെ 49 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1.62 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.