കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ശീലമാക്കാം ഈ 7 ഭക്ഷണങ്ങൾ
ദഹനപ്രക്രിയ സുഗമമാക്കുന്നതിലും ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്തുന്നതിലും കുടലിന്റെ ആരോഗ്യത്തിന് നിർണായക പങ്കുണ്ട്. കുടലിൽ വസിക്കുന്ന കോടിക്കണക്കിന് സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയാണ് ഇതിൽ ഏറ്റവും പ്രധാനം. പ്രോബയോട്ടിക്സ്, പ്രീബയോട്ടിക്സ്, നാരുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ ശീലമാക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിനായി ദൈനംദിന ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 പ്രധാന വിഭവങ്ങൾ താഴെ പറയുന്നവയാണ്:
- തൈരും തേനും: തൈരിനൊപ്പം അല്പം തേൻ ചേർത്ത് കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയകൾക്ക് ദഹനപ്രക്രിയയെ ഫലപ്രദമായി അതിജീവിക്കാനും കുടലിൽ മികച്ച രീതിയിൽ പ്രവർത്തിക്കാനും തേൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
- ഒലീവ് ഓയിൽ: ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും കുടലിലെ ബാക്ടീരിയകളെ സന്തുലിതമായി നിലനിർത്താനും ഒലീവ് ഓയിൽ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള പോളിഫെനോളുകൾ ഗുണകരമായ സൂക്ഷ്മാണുക്കൾക്ക് മികച്ച പോഷണം നൽകുന്നു.
- വെളുത്തുള്ളി: ശക്തമായൊരു പ്രകൃതിദത്ത പ്രീബയോട്ടിക്കായി പ്രവർത്തിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലടങ്ങിയിട്ടുള്ള ഫ്രക്ടാനുകൾ ആരോഗ്യകരമായ കുടൽ ബാക്ടീരിയകളെ പരിപോഷിപ്പിക്കുകയും ദോഷകരമായ ബാക്ടീരിയകളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- ഡാർക്ക് ചോക്ലേറ്റ്: കുറഞ്ഞത് 70 ശതമാനമെങ്കിലും കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് മികച്ചൊരു പ്രീബയോട്ടിക് ആണ്. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും അവയുടെ വൈവിധ്യം വർദ്ധിപ്പിച്ച് ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- കിവിപ്പഴം: ദിവസവും രണ്ട് കിവിപ്പഴങ്ങൾ വീതം കഴിക്കുന്നത് മലവിസർജ്ജനം ക്രമപ്പെടുത്താൻ സഹായിക്കും. മലബന്ധം കുറയ്ക്കാനും ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകാനും ഇത് മികച്ചൊരു പ്രതിവിധിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
- ക്യാരറ്റ്: ദഹനത്തിന് ആവശ്യമായ നാരുകളാൽ (ഫൈബർ) സമ്പന്നമാണ് ക്യാരറ്റ്. പച്ചയായോ പാകം ചെയ്തോ ഇത് കഴിക്കാവുന്നതാണ്. ഇതിലെ ലയിക്കുന്ന നാരുകൾ അന്നജത്തിന്റെയും പഞ്ചസാരയുടെയും ദഹനം സാവധാനത്തിലാക്കി രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രിക്കുന്നതിനൊപ്പം കുടലിലെ നല്ല ബാക്ടീരിയകൾക്ക് ഊർജ്ജവും നൽകുന്നു.
- ആപ്പിൾ: പെക്റ്റിൻ എന്ന ലയിക്കുന്ന ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള പഴമാണ് ആപ്പിൾ. ഇത് കുടലിലെ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു. നാരുകളും പോളിഫെനോളുകളും പൂർണ്ണമായി ശരീരത്തിന് ലഭിക്കുന്നതിനായി തൊലിയോടെ തന്നെ ആപ്പിൾ കഴിക്കുന്നതാണ് ഉത്തമം. (ഉപയോഗിക്കുന്നതിന് മുൻപ് വിനാഗിരിയും വെള്ളവും ചേർത്ത ലായനിയിൽ ആപ്പിൾ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കുക).