‘ഒമാനിലേക്ക് പോയിരുന്നെങ്കിൽ അവർ ഉപദ്രവിക്കില്ലായിരുന്നു’: ഒമാൻ ജനതയെ പുകഴ്ത്തി വിൻഡ്സർ കൊട്ടാരത്തിൽ അറബിയിൽ പ്രവാചക വചനം മൊഴിഞ്ഞ് ചാൾസ് രാജാവ്
ലണ്ടൻ: ഒമാൻ ജനതയുടെ ഉൽകൃഷ്ടമായ സ്വഭാവമഹിമയെയും സമാധാനാന്തരീക്ഷത്തെയും പ്രകീർത്തിക്കാൻ പ്രവാചകൻ മുഹമ്മദ് നബിയുടെ ഹദീസ് ഉദ്ധരിച്ച് ബ്രിട്ടനിലെ ചാൾസ് രാജാവ്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യുകെ സന്ദർശനത്തോടനുബന്ധിച്ച് വിൻഡ്സർ കൊട്ടാരത്തിൽ ഒരുക്കിയ ഔദ്യോഗിക വിരുന്നിലാണ് ചാൾസ് രാജാവ് അപൂർവ പ്രസംഗം നടത്തിയത്.
പ്രസംഗത്തിനിടെ പ്രവാചക വചനം അറബിയിൽത്തന്നെ മൊഴിഞ്ഞ ചാൾസ് രാജാവ്, ഒമാൻ ജനതയുടെ സഹിഷ്ണുതയെയും ഉദാരമനസ്കതയെയും എടുത്തുപറഞ്ഞു. “നിങ്ങൾ ഒമാനിലെ ജനങ്ങളുടെ അടുത്തേക്കാണ് പോയിരുന്നതെങ്കിൽ അവർ നിങ്ങളെ ചീത്തവിളിക്കുകയോ അടിക്കുകയോ ചെയ്യുമായിരുന്നില്ല” എന്ന പ്രവാചക വചനമാണ് അദ്ദേഹം ഉദ്ധരിച്ചത്.
പണ്ട് പ്രവാചകൻ അയച്ച ദൂതനെ ഒരു ഗോത്രം മർദിക്കുകയും അപമാനിക്കുകയും ചെയ്തപ്പോൾ, മടങ്ങിയെത്തിയ ദൂതനെ ആശ്വസിപ്പിച്ചുകൊണ്ട് പ്രവാചകൻ പറഞ്ഞ വാക്കുകളാണിത്. അപരിചിതരോട് പരുക്കനായി പെരുമാറുന്ന കാലത്തും ഒമാനികൾ സമാധാനപ്രിയരും അതിഥികളെ ആദരിക്കുന്നവരുമാണെന്ന് വ്യക്തമാക്കുന്ന വചനം ഇന്നും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ അക്ഷരങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
മേഖലയിൽ സമാധാനവും സന്തുലിതാവസ്ഥയും നിലനിർത്താൻ ഒമാൻ സ്വീകരിക്കുന്ന നയതന്ത്രപരമായ നിലപാടുകളെയും മധ്യസ്ഥശ്രമങ്ങളെയും ചാൾസ് രാജാവ് പ്രശംസിച്ചു. ഫലസ്തീൻ വിഷയത്തിലും അമേരിക്ക-ഇറാൻ വിഷയത്തിലും ഒമാന്റെ നയതന്ത്ര നിലപാടുകൾ ഏറെ ശ്രദ്ധേയമായിരുന്നു. ബ്രിട്ടനും ഒമാനും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദം പരസ്പരവിശ്വാസത്തിലും നയതന്ത്ര തത്വങ്ങളിലും അധിഷ്ഠിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.