പുകവലിക്കാത്തവരിലും ശ്വാസകോശ അർബുദം കൂടുന്നു; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം
ശ്വാസകോശ പ്രശ്നങ്ങൾ എപ്പോഴും സിഗരറ്റിൽ നിന്നാണ് ആരംഭിക്കുന്നത് എന്ന ധാരണ തിരുത്തിക്കുറിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. ഒരിക്കലും പുകവലിക്കാത്ത ആളുകളിലും ശ്വാസകോശ അർബുദ സാധ്യതയുണ്ടെന്നും, നമ്മൾ ശ്വസിക്കുന്ന വായു, വീട്, ജോലിസ്ഥലം എന്നിവയെല്ലാം ശ്വാസകോശാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും പ്രതിരോധ ആരോഗ്യ വിദഗ്ദ്ധനായ നിഖിൽ ജകത്ദാർ മുന്നറിയിപ്പ് നൽകുന്നു. ശ്രദ്ധിക്കേണ്ട നാല് പ്രധാന മേഖലകൾ ഇവയാണ്:
1. വായു മലിനീകരണം
വാഹന പുക, നിർമ്മാണ പൊടി, കനത്ത മലിനമായ പുറത്തെ വായു എന്നിവ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്നു. ദീർഘകാലത്തേക്ക് ഇത്തരം മലിനീകരണവുമായി സമ്പർക്കത്തിൽ വരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുറത്തെ വായുനിലവാരം മോശമായ പ്രദേശങ്ങളിൽ ഇൻഡോർ വായുവിന്റെ ഗുണനിലവാരത്തിലും ശ്രദ്ധ ചെലുത്തണം. HEPA ഫിൽട്ടറുകളുള്ള എയർ പ്യൂരിഫയറുകൾ ഇൻഡോർ കണികാ പദാർത്ഥങ്ങൾ കുറയ്ക്കാൻ സഹായിക്കുമെങ്കിലും, എല്ലാ മലിനീകരണ വസ്തുക്കളെയും പൂർണമായി നീക്കം ചെയ്യാൻ കഴിയില്ല.
2. അദൃശ്യനായ വില്ലൻ; റാഡോൺ വാതകം
മണമോ നിറമോ ഇല്ലാത്ത, പ്രകൃതിദത്തമായി ഉണ്ടാകുന്ന റേഡിയോ ആക്ടീവ് വാതകമാണ് റാഡോൺ. കെട്ടിടങ്ങളിലെ വിള്ളലുകളിലൂടെ അകത്തു കടക്കുന്ന ഈ വാതകം വീടുകളിൽ അടിഞ്ഞുകൂടാം. അമേരിക്കയിൽ പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിന് പ്രധാന കാരണം റാഡോൺ ആണ്. ഇൻഡോർ റാഡോൺ അളവ് ലിറ്ററിന് 4 പിക്കോക്യൂറി (pCi/L) എത്തുമ്പോൾ കർശന നടപടിയെടുക്കാൻ യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസി ശുപാർശ ചെയ്യുന്നു. വീടുകളിൽ പരിശോധനയിലൂടെ മാത്രമേ റാഡോൺ സാന്നിധ്യം തിരിച്ചറിയാൻ കഴിയൂ.
3. തൊഴിലിടങ്ങളിലെ അപകടസാധ്യതകൾ
ചില തൊഴിലുകൾ പൊടി, പുക, ഡീസൽ എക്സ്ഹോസ്റ്റ്, ആസ്ബറ്റോസ്, ചില രാസവസ്തുക്കൾ എന്നിവയുമായി നിരന്തരമായ സമ്പർക്കത്തിന് ഇടയാക്കുന്നു. നിർമ്മാണ മേഖല, ഖനനം, മറ്റ് വ്യാവസായിക ജോലികൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ അപകടസാധ്യത കൂടുതലാണ്. അതിനാൽ ജോലിസ്ഥലങ്ങളിൽ ശരിയായ വായുസഞ്ചാരവും സുരക്ഷാ മുൻകരുതലുകളും നിർബന്ധമാണ്.
4. തുടർച്ചയായ ചുമയും മറ്റ് ലക്ഷണങ്ങളും
വിട്ടുമാറാത്ത ചുമ, വിശദീകരിക്കാത്ത ശരീരഭാരം കുറയൽ, ചുമയ്ക്കുമ്പോൾ രക്തം വരിക, പുതുതായി ശ്വാസതടസ്സം ഉണ്ടാകുന്നത് തുടങ്ങിയ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്. വാർദ്ധക്യം, മലിനീകരണം അല്ലെങ്കിൽ സീസണൽ അസുഖം എന്നിവയാണ് കാര്യമെന്ന് കരുതി ഇവ അവഗണിക്കരുത്. പുകവലിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ഇത്തരം ലക്ഷണങ്ങൾ കണ്ടാല് അടിയന്തര വൈദ്യപരിശോധന തേടേണ്ടതാണ്.
ചിലപ്പോൾ അപകടസാധ്യതകൾ വ്യക്തികളുടെ തെരഞ്ഞെടുപ്പുകളെ മാത്രമല്ല, അവരെ ചുറ്റിപ്പറ്റിയുള്ള ചുറ്റുപാടുകളെയും ആശ്രയിച്ചാണിരിക്കുന്നത്. അനാവശ്യമായ ഭയത്തിന് അടിപ്പെടാതെ, ഒഴിവാക്കാവുന്ന എക്സ്പോഷറുകൾ കുറയ്ക്കുകയും പ്രധാനപ്പെട്ട ലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ പ്രതിരോധം സാധ്യമാക്കാം.