18/10/2026
[fontresizer_tawhidurrahmandear_widget]

സൗദിയിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ; ബാഗിൽ നിരോധിത മരുന്ന് കണ്ടെത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്

 സൗദിയിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ; ബാഗിൽ നിരോധിത മരുന്ന് കണ്ടെത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ എത്തിയശേഷം കാണാതായ വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശംവെച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം.

വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് അയ്യൻകൊല്ലി സ്വദേശികളായ രവി-ശെൽവി ദമ്പതികളുടെ മകളായ 32 കാരിയായ ഫിലോമിന, കഴിഞ്ഞ മൂന്നുവർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ബെംഗളൂരുവിൽനിന്ന് വിമാനമാർഗം ഫിലോമിന ജിദ്ദയിലെത്തിയത്. തുടർന്ന് കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനിരിക്കെയാണ് നടപടി ഉണ്ടായത്.

ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാത്രി എട്ടരയോടെ ഫിലോമിന പിതാവിനും ഭർത്താവിനും ശബ്ദസന്ദേശമയച്ചിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചതായും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം ആശങ്കയിലായി.

തുടർന്ന് കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്. സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ടിട്ടുണ്ട്. സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെ ആവശ്യമായ നിയമനടപടികളും തുടർനീക്കങ്ങളും പുരോഗമിക്കുകയാണ്.

Also read: