ഒഡീഷയിൽ വ്യാജ അപേക്ഷ നൽകി നൂറുകണക്കിന് വോട്ടർമാരെ ഒഴിവാക്കാൻ ശ്രമം; ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഭുവനേശ്വർ: ഒഡീഷയിലെ ധാംനഗർ നിയമസഭാ മണ്ഡലത്തിൽ വ്യാജ അപേക്ഷകൾ നൽകി നൂറുകണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച സംഭവത്തിൽ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറെ (എഇആർഒ) തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. ധാംനഗർ നോട്ടിഫൈഡ് ഏരിയ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായ സന്തോഷ് കുമാർ നായക്കിനെതിരെയാണ് നടപടി.
വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയുടെ ഭാഗമായുള്ള മൊബൈൽ ആപ്പിലൂടെയാണ് തട്ടിപ്പ് നടന്നത്. ബൂത്ത് ലെവൽ ഓഫീസർമാരുടെ വിവരങ്ങളും ഒടിപിയും കൈക്കലാക്കി, അവരുടെ അറിവില്ലാതെ വോട്ടർമാരെ ഒഴിവാക്കാനുള്ള ഫോം ഏഴ് അപേക്ഷകൾ വ്യാപകമായി സമർപ്പിക്കുകയായിരുന്നു. ഒരു ബിഎൽഒയുടെ ലോഗിൻ വിവരങ്ങൾ മാത്രം ഉപയോഗിച്ച് പ്രത്യേക ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരുടെ 227 അപേക്ഷകൾ അപ്ലോഡ് ചെയ്തതായി കണ്ടെത്തി.
മറ്റ് മണ്ഡലങ്ങളിൽ ശരാശരി 141 ഫോം ഏഴ് അപേക്ഷകൾ മാത്രം വന്നപ്പോൾ, ധാംനഗറിൽ ഇത് മൂവായിരത്തിലധികം ഉയർന്നതാണ് സംഭവം പുറത്തുകൊണ്ടുവന്നത്. തട്ടിപ്പ് തിരിച്ചറിഞ്ഞ ബിഎൽഒമാർ പൊലീസിലും ഭദ്രക് ജില്ലാ കളക്ടർക്കും പരാതി നൽകി. തുടർന്ന് പ്രധാന പ്രതിപക്ഷമായ ബിജു ജനതാദൾ (ബിജെഡി) വിഷയത്തിൽ ഇടപെടുകയും സമഗ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ നടത്തിയ അന്വേഷണത്തിൽ ചട്ടലംഘനം സ്ഥിരീകരിച്ചതോടെയാണ് സസ്പെൻഷൻ നടപടിയുണ്ടായത്. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അധികൃതർ ഇടപെട്ട് വ്യാജ അപേക്ഷകൾ പിൻവലിക്കുകയും അർഹരായ വോട്ടർമാരുടെ പേരുകൾ ഒഡീഷയുടെ അന്തിമ വോട്ടർപട്ടികയിൽ നിലനിർത്തുകയും ചെയ്തു.