18/10/2026
[fontresizer_tawhidurrahmandear_widget]

‘വഖഫ് ബോർഡിൽ പരിഗണിക്കപ്പെട്ടാത്തവർക്ക് ഹജ്ജ് കമ്മിറ്റിയിൽ ഉൾപ്പെടെ അവസരം നൽകും, പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇതുവരെ ആരും നേരിട്ട് പരാതി ഉന്നയിച്ചിട്ടില്ല’; സാദിഖലി തങ്ങൾ

 ‘വഖഫ് ബോർഡിൽ പരിഗണിക്കപ്പെട്ടാത്തവർക്ക് ഹജ്ജ് കമ്മിറ്റിയിൽ ഉൾപ്പെടെ അവസരം നൽകും, പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇതുവരെ ആരും നേരിട്ട് പരാതി ഉന്നയിച്ചിട്ടില്ല’; സാദിഖലി തങ്ങൾ

കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ ഇപ്പോൾ പരിഗണിക്കപ്പെടാത്തവർക്ക് ഹജ്ജ് കമ്മിറ്റി, മദ്രസാ ക്ഷേമനിധി ബോർഡ് തുടങ്ങിയ മറ്റ് സമിതികളിൽ അർഹമായ പ്രാതിനിധ്യം നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എല്ലാ മുസ്ലിം സംഘടനകൾക്കും മതിയായ പ്രാതിനിധ്യം നൽകിക്കൊണ്ടാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചിട്ടുള്ളത്. വഖഫ് ബോർഡിന്റെ പ്രവർത്തനം ഒരിക്കലും പക്ഷപാതപരമായിരിക്കില്ല. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ താത്പര്യം മാത്രം സംരക്ഷിക്കാതെ, എല്ലാ സ്ഥാപനങ്ങളുടെയും പ്രശ്നങ്ങളിൽ ബോർഡ് നിഷ്പക്ഷമായി ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുമെന്നും ഇതിൽ വിഭാഗീയതയുടെ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇതുവരെ ആരും നേരിട്ട് പരാതികളുമായി വന്നിട്ടില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. നിലവിൽ എ.പി വിഭാഗത്തിന്റെ പ്രതിനിധിയാണ് ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിക്കുന്നത്. പുതിയ വഖഫ് ബോർഡിൽ സമസ്തയിൽ നിന്ന് രണ്ട് പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോർഡ് ചെയർമാൻ തന്നെ സമസ്തയുടെ മുൻനിരയിലുള്ള വ്യക്തിയാണ്. കൂടാതെ സമസ്തയിലെ പണ്ഡിതനായ മുസ്തഫൽ ഫൈസിയെയും അർഹതയുടെ അടിസ്ഥാനത്തിൽ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വഖഫ് ബോർഡ് അംഗമാകാൻ സമസ്ത മുശാവറ അംഗം തന്നെ ആകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ അവരുമായി സംസാരിക്കാനും കൂടിയാലോചനകൾ നടത്താനും തയ്യാറാണ്. പുതിയ ഭരണസമിതി ചുമതലയേറ്റ് പ്രവർത്തിച്ചു തുടങ്ങട്ടെ. ഇനി ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. കോടതിയുടെ തീരുമാനങ്ങൾക്ക് വിധേയമായി കാര്യങ്ങൾ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: