‘എക്കാലവും കൂടെയുണ്ടാകാൻ ആഗ്രഹിച്ചൊരാൾ; ആദ്യ കാഴ്ചയിൽ തന്നെ വീണുപോയി’; എക്സിലെ ആദ്യ പോസ്റ്റിൽ രാജീവ് ഗാന്ധിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സോണിയ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണും എംപിയുമായ സോണിയ ഗാന്ധി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ അക്കൗണ്ട് ആരംഭിച്ചു. തന്റെ വരാനിരിക്കുന്ന ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അവർ എക്സിലേക്ക് കടന്നുവന്നത്. ഇതിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത വീഡിയോയിൽ മുൻ പ്രധാനമന്ത്രിയും ഭർത്താവുമായ രാജീവ് ഗാന്ധിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയുടെ മനോഹരമായ ഓർമ്മകൾ അവർ പങ്കുവെച്ചു.
വിദ്യാർത്ഥികളായിരിക്കെ ഇംഗ്ലണ്ടിലെ ഒരു ഗ്രീക്ക് റെസ്റ്റോറന്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഇംഗ്ലണ്ടിൽ ഇറ്റാലിയൻ ഭക്ഷണം അന്വേഷിച്ചു നടന്ന താൻ ഒടുവിൽ യൂറോപ്യൻ, ഇന്ത്യൻ വിദ്യാർത്ഥികൾ സ്ഥിരമായി ഭക്ഷണം കഴിക്കാൻ വരാറുള്ള ഒരു ഗ്രീക്ക് റെസ്റ്റോറന്റിൽ എത്തിച്ചേരുകയായിരുന്നുവെന്ന് സോണിയ ഗാന്ധി പറയുന്നു. അവിടെ വെച്ചാണ് താൻ രാജീവിനെ ആദ്യമായി കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയിൽ തന്നെ, എക്കാലവും കൂടെയുണ്ടാകാൻ താൻ ഏറ്റവും ആഗ്രഹിക്കുന്ന ഒരാളാണ് അതെന്ന് തോന്നിയിരുന്നുവെന്നും, അദ്ദേഹത്തിനും അങ്ങനെ തന്നെയായിരുന്നുവെന്ന് പിന്നീട് മനസ്സിലായെന്നും അവർ വീഡിയോയിൽ പറയുന്നു.
ഒരു പൊതുസുഹൃത്താണ് ഇരുവരെയും പരിചയപ്പെടുത്തിയത്. പിന്നീട് അവർ അടുത്ത സുഹൃത്തുക്കളാകുകയും ഒരുമിച്ച് പാർട്ടികളിലും കാഴ്ചകൾ കാണാനായുള്ള യാത്രകളിലും പങ്കെടുക്കുകയും ചെയ്തു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത ഒരു വാലന്റൈൻ പാർട്ടിയിൽ ഒന്നിച്ച് പോയ കാര്യവും സോണിയ ഗാന്ധി ഓർത്തെടുത്തു. രാജീവ് ഗാന്ധിയെക്കുറിച്ചുള്ള തന്റെ ആദ്യത്തെ മതിപ്പ് വളരെ വലുതായിരുന്നുവെന്ന് അവർ വ്യക്തമാക്കുന്നു. വളരെ ശാന്തപ്രകൃതമുള്ള, തികഞ്ഞ സുമുഖനായ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആ ശാന്തത തന്നെ വല്ലാതെ സ്പർശിച്ചുവെന്നും ആ ആദ്യ കൂടിക്കാഴ്ച ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. 1968 ഫെബ്രുവരി 25 നായിരുന്നു രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും തമ്മിലുള്ള വിവാഹം.
എക്സിൽ അക്കൗണ്ട് തുടങ്ങുന്നതിന് മുൻപ് കഴിഞ്ഞ വ്യാഴാഴ്ച സോണിയ ഗാന്ധി ഇൻസ്റ്റാഗ്രാമിലും ഔദ്യോഗികമായി അക്കൗണ്ട് ആരംഭിച്ചിരുന്നു. തന്റെ പുതിയ പുസ്തകമായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്നതിന്റെ ആദ്യ രൂപം ഇൻസ്റ്റാഗ്രാമിലെ ആദ്യ പോസ്റ്റിലൂടെ അവർ പുറത്തുവിട്ടു. ഈ നിമിഷം എല്ലാവരുമായും പങ്കുവെക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, സ്നേഹത്തിന്റെയും കടമയുടെയും നഷ്ടങ്ങളുടെയും തന്റേതായ ഇടം കണ്ടെത്തുന്നതിന്റെയും കഥയാണ് ഈ പുസ്തകമെന്നും അടിക്കുറിപ്പായി അവർ നൽകി. ഇത് നിങ്ങളുമായി പങ്കുവെക്കാൻ കാത്തിരിക്കുകയാണെന്നും അവർ കുറിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഇറ്റലിയിലെ ബാല്യകാലം മുതൽ, ഇന്ത്യയിലേക്ക് തന്നെ എത്തിച്ച പ്രണയവും, ജീവിതത്തിലുണ്ടായ വ്യക്തിപരമായ തീരാനഷ്ടങ്ങളും, തന്റെ സ്വന്തം രാജ്യമായി മാറിയ ഇന്ത്യയുമായുള്ള ആഴത്തിലുള്ള ബന്ധവുമെല്ലാം കൃത്യമായി പ്രതിപാദിക്കുന്നതാണ് സോണിയ ഗാന്ധിയുടെ ഈ പുതിയ ജീവചരിത്രം.