24/10/2026
[fontresizer_tawhidurrahmandear_widget]

വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ സ്പ്രിങ് ഫാനുകൾ; ഗുജറാത്ത് സർവകലാശാലയുടെ നടപടി വിവാദത്തിൽ

 വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ ഹോസ്റ്റലുകളിൽ സ്പ്രിങ് ഫാനുകൾ; ഗുജറാത്ത് സർവകലാശാലയുടെ നടപടി വിവാദത്തിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല വിദ്യാർഥികളുടെ ആത്മഹത്യ തടയാനായി ഹോസ്റ്റലുകളിൽ നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. സർവകലാശാലയുടെ കീഴിലുള്ള ഹോസ്റ്റലുകളിൽ ഇതിനോടകം ഏകദേശം 350 സ്പ്രിങ് ഫാനുകളാണ് അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. 1500 രൂപ മാത്രം ചെലവ് വരുന്ന ഈ ഫാനുകൾ, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കുറഞ്ഞ ചെലവിൽ നടപ്പാക്കാവുന്ന മികച്ച സംവിധാനമായാണ് സർവകലാശാല അധികൃതർ വിലയിരുത്തുന്നത്.

ഫാനിൽ പത്ത് കിലോയിൽ കൂടുതൽ ഭാരം അനുഭവപ്പെട്ടാൽ ഉടൻ തന്നെ പ്രവർത്തിക്കുന്ന സ്പ്രിങ് സംവിധാനമാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഭാരം കൂടുമ്പോൾ സ്പ്രിങ് വികസിക്കുകയും, അതോടൊപ്പം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് ഫാൻ താഴേക്ക് പതിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. പുതിയ ഫാനിന്റെ പ്രവർത്തനം കൃത്യമായി വിശദീകരിക്കുന്ന സർവകലാശാല വൈസ് ചാൻസലർ കിഷോർസിങ് ചാവ്ദയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ, ഇത്തരം ശാരീരിക സുരക്ഷാ മാർഗങ്ങൾ ഒരുക്കുന്നതിനപ്പുറം വിദ്യാർഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദങ്ങൾക്ക് യഥാർത്ഥ പരിഹാരം കാണുകയാണ് വേണ്ടതെന്ന വിമർശനവും ശക്തമായി ഉയരുന്നുണ്ട്. വിദ്യാർഥികളുടെ പഠനസമ്മർദം കുറയ്ക്കാനും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകാനും വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. നേരത്തെ രാജസ്ഥാനിലെ കോട്ടയിലും സമാനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2017-ൽ ഹോസ്റ്റൽ അസോസിയേഷൻ ഇത്തരം നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും, 2022-ൽ ഫാനുകൾക്ക് ചുറ്റും ഇരുമ്പ് കൂടുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് 2023 ഓഗസ്റ്റിൽ ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിലും സ്പ്രിങ് ഫാനുകൾ നിർബന്ധമാക്കിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയതും വാർത്തയായിരുന്നു.

Also read: