‘ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം നഷ്ടമുണ്ടാകും’; സമരം മാറ്റിവെക്കണമെന്ന് രാഹുൽ ഗാന്ധിയോട് വ്യാപാരികള്‍
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി പ്രഖ്യാപിച്ച മഹാറാലിയും പ്രതിഷേധ സമരങ്ങളും മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് വ്യാപാരികൾ ആവശ്യപ്പെട്ടു. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നവംബർ 10 വരെയെങ്കിലും സമരപരിപാടികൾ ഒഴിവാക്കണമെന്നാണ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി അഭ്യർത്ഥിച്ചിരിക്കുന്നത്.
നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്താണ് ഇന്ത്യ സഖ്യം മഹാറാലി നിശ്ചയിച്ചിരിക്കുന്നത്. നവംബർ ആറിന് ധൻതേരസും എട്ടിന് ദീപാവലിയും വരാനിരിക്കെ, റാലിയും ഗതാഗത നിയന്ത്രണങ്ങളും വ്യാപാരികളെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.
ധൻതേരസ് ദിനത്തിൽ ഡൽഹിയിൽ മാത്രം സാധാരണ 25,000 കോടി രൂപയിലധികം കച്ചവടം നടക്കാറുണ്ട്. സ്വർണം, വെള്ളി, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ വാങ്ങാൻ ഏറ്റവും അനുയോജ്യമായ ദിനമായാണ് ധൻതേരസിനെ കാണുന്നത്. ഇത്തവണയും ഇത്രയും തുകയുടെ ബിസിനസ് പ്രതീക്ഷിക്കുന്നുണ്ടെന്നും, റാലി മൂലം 10,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചേക്കാമെന്നും സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ രാഹുൽ ഗാന്ധിക്കയച്ച കത്തിൽ വ്യക്തമാക്കുന്നു. ഒക്ടോബറിലെ സമരങ്ങൾ കാരണം ഇതിനകം 3,000 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.