‘യുകെയേക്കാൾ വേഗത, കുറഞ്ഞ ചെലവ്’: ഇന്ത്യൻ ആരോഗ്യ രംഗത്തെ പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ; ഐവിഎഫിനായി ലഖ്നൗവിൽ
ലഖ്നൗ: ഇന്ത്യൻ ആരോഗ്യ സംരക്ഷണ രംഗത്തെയും സേവനങ്ങളുടെ വേഗതയെയും വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ. ഐവിഎഫ് ചികിത്സയ്ക്കായി ഉത്തർപ്രദേശിലെ ലഖ്നൗവിലെത്തിയ ഡേവ് ഫ്ലൂവും ഭാര്യയുമാണ് യുകെയിലെ ആരോഗ്യ സംവിധാനങ്ങളുമായി താരതമ്യം ചെയ്ത് ഇന്ത്യയിലെ മികച്ച സൗകര്യങ്ങളെ പ്രശംസിച്ചത്. “ഇന്ത്യൻ ആരോഗ്യ സംരക്ഷണ സംവിധാനം എന്നെ ഞെട്ടിച്ചു” എന്ന തലക്കെട്ടിൽ ഫ്ലൂ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ബ്രിട്ടനിൽ ഒരു എക്സ്റേ റിപ്പോർട്ട് ലഭിക്കാൻ ഒരു മാസമോ അതിലധികമോ കാത്തിരിക്കേണ്ടി വരുമ്പോൾ, ഇന്ത്യയിൽ ഒരേ ആശുപത്രി കെട്ടിടത്തിൽ തന്നെ 15 മിനിറ്റ് മുതൽ ഒരു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നത് അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്യ സമയത്തുള്ള ഡോക്ടർ കൺസൾട്ടേഷനുകളും വേഗത്തിലുള്ള ഡയഗ്നോസ്റ്റിക് സേവനങ്ങളും ചികിത്സയിൽ ഏറെ സമയം ലാഭിക്കാൻ സഹായിക്കുന്നു.
ലഖ്നൗവിലെ ആശുപത്രി സജ്ജീകരണങ്ങളും ഇന്റർനാഷണൽ ലോഞ്ചിലെ ജീവനക്കാരുടെ മികച്ച പിന്തുണയും ദമ്പതികൾ ചൂണ്ടിക്കാട്ടി. യുകെയിൽ സ്വകാര്യ മേഖലയിൽ ഐവിഎഫ് സൈക്കിളിന് ശരാശരി 5,000 പൗണ്ട് (ഏകദേശം 6.32 ലക്ഷം രൂപ) വരെ ചെലവ് വരുമ്പോൾ, ഇന്ത്യയിൽ വളരെ കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ വേഗത്തിൽ ലഭ്യമാകുന്നത് അന്താരാഷ്ട്ര രോഗികൾക്ക് വലിയ ആശ്വാസമാണ്.
രോഗനിർണയം, അണ്ഡാശയ ഉത്തേജനം, ഭ്രൂണ കൈമാറ്റം തുടങ്ങിയ വിവിധ ഘട്ടങ്ങളുള്ള ഐവിഎഫ് ചികിത്സയിൽ സമയം നിർണായകമാണ്. കുറഞ്ഞ ചെലവും കാര്യക്ഷമമായ പരിചരണവും കാരണം കൂടുതൽ വിദേശ സഞ്ചാരികളാണ് ഇപ്പോൾ വൈദ്യസഹായത്തിനായി ഇന്ത്യയെ തെരഞ്ഞെടുക്കുന്നത്.