22/11/2026
[fontresizer_tawhidurrahmandear_widget]

‘എൻ്റെ ശത്രുക്കളെ ഞാൻ വെറുക്കുന്നു, മരണക്കിടക്കയിലും അവരോട് പൊറുക്കില്ല, ഞാൻ സ്വർഗ്ഗത്തിൽ പോകും’ – തുറന്നടിച്ച് ട്രംപ്

 ‘എൻ്റെ ശത്രുക്കളെ ഞാൻ വെറുക്കുന്നു, മരണക്കിടക്കയിലും അവരോട് പൊറുക്കില്ല, ഞാൻ സ്വർഗ്ഗത്തിൽ പോകും’ – തുറന്നടിച്ച് ട്രംപ്

വാഷിങ്ടൺ: സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ അനിവാര്യമാണെങ്കിൽ പോലും തന്റെ ചില രാഷ്ട്രീയ എതിരാളികൾക്ക് മരണക്കിടക്കയിൽ വെച്ചുപോലും മാപ്പുനൽകാൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനൊരു മതവിശ്വാസിയാണെന്നും സ്വർഗ്ഗത്തിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തിന് ദോഷം ചെയ്തവരോട് ക്ഷമിക്കാൻ കഴിയില്ലെന്നും തുറന്നടിച്ചു.

സി.ബി.എസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ എന്ന ജനപ്രിയ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. “ഞാനൊരു മതവിശ്വാസിയാണ്, അതിനാൽ സിദ്ധാന്തപരമായി ഞാൻ സ്വർഗ്ഗത്തിൽ പോകും… അങ്ങനെയെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നരകത്തിൽ പോകാൻ എനിക്ക് തീരെ താൽപര്യമില്ല,” ട്രംപ് പറഞ്ഞു. സ്വർഗ്ഗപ്രവേശനത്തിനുള്ള വ്യവസ്ഥ ശത്രുക്കൾക്ക് മാപ്പുനൽകലാണെങ്കിൽ, മുൻ എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമി, മുൻ ഹൗസ് സ്‌പീക്കർ നാൻസി പെലോസി ഉൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികളോട് ക്ഷമിക്കാൻ കഴിയുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ട്രംപിന്റെ ഒറ്റവാക്കിലുള്ള മറുപടി.

“മനുഷ്യരെ സ്നേഹിക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ അധികമായി ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ആ വ്യക്തികൾ അങ്ങേയറ്റം സത്യസന്ധതയില്ലാത്തവരാണെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്. നമ്മുടെ രാജ്യത്തിന് അവർ വളരെ ദോഷകരമാണ്. അതുകൊണ്ട് മാപ്പ് നൽകുമോ എന്ന ചോദ്യത്തിന് എൻ്റെ ഉത്തരം ‘ഇല്ല’ എന്ന് തന്നെയാണ്,” ട്രംപ് വ്യക്തമാക്കി.

ദൈവത്തിന്റെ അന്തിമ വിധിക്ക് മുന്നിൽ സത്യസന്ധനായിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. “എനിക്ക് ഒട്ടും ഇഷ്‌ടപ്പെടാത്ത, വളരെ മോശക്കാരായ ചില ആളുകൾ ഉണ്ടായിരുന്നു. ‘വെറുപ്പ്’ എന്ന വാക്ക് തന്നെ വേണമെങ്കിൽ ഇവിടെ ഉപയോഗിക്കാം; എന്റെ ശത്രുക്കളിൽ ചിലരെ ഞാൻ ശരിക്കും വെറുക്കുന്നുണ്ട്. ഈ നിമിഷത്തിൽ എനിക്ക് അത് നിഷേധിക്കാൻ കഴിയില്ല, കാരണം ഞാൻ എൻ്റെ ചില ശത്രുക്കളെ വെറുക്കുന്നു, എന്നും വെറുക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: