സയ്യിദ് അലി ബാഫഖി തങ്ങൾ വിടവാങ്ങി | Syed Ali Bafaqi Thangal Passes Away
കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ.പി വിഭാഗം ഉപാധ്യക്ഷനും കാരന്തൂർ മർകസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വിടവാങ്ങി(Syed Ali Bafaqi Thangal Passes Away). 88 വയസ്സായിരുന്നു. സുന്നി ജംഇയ്യത്തുൽ മുഅല്ലിം സംസ്ഥാന പ്രസിഡന്റായും കേരളത്തിലെ നൂറുകണക്കിന് മഹല്ലുകളുടെ ഖാളിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മയ്യിത്ത് നിസ്കാരം നാളെ ഉച്ചക്ക് കൊയിലാണ്ടിയിൽ നടക്കും.
കേരളത്തിലെ പ്രശസ്തമായ ബാഫഖി തങ്ങന്മാരുടെ താവഴിയിലാണ് സയ്യിദ് അലി ബാഫഖി തങ്ങൾ ജനിച്ചത്. സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ൽ കൊയിലാണ്ടിയിലാണ് ജനനം. ദീർഘകാലമായി കൊയിലാണ്ടി മുബാറക് റോഡിലുള്ള വലിയകത്ത് ബംഗ്ലാവിലായിരുന്നു അദ്ദേഹത്തിന്റെ താമസം.
തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ മതപഠനം പൂർത്തിയാക്കിയത്. അബ്ദുൽ ഖാദിർ മുസ്ലിയാർ മാട്ടൂൽ, ഇ.കെ ഹസൻ മുസ്ലിയാർ, ഹാഫിള് മുഹമ്മദ് മുസ്ലിയാർ ബേപ്പൂർ, കൊയിലാണ്ടി ഖാളി പൊടിയാട് കുഞ്ഞഹമ്മദ് മുസ്ലിയാർ, കുറ്റിപ്പുറം അബ്ദുൽഖാദിർ മുസ്ലിയാർ, സി.എം വലിയുല്ലാഹി മടവൂർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, ഇ.കെ അബൂബക്കർ മുസ്ലിയാർ തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുടെ കീഴിലായിരുന്നു പഠനം. പാണക്കാട് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, ശിറിയ അലിക്കുഞ്ഞി മുസ്ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, അബ്ദുൽ ഖാദിർ ബാഫഖി തങ്ങൾ, സയ്യിദ് ഹുസൈൻ ബാഫഖി എന്നിവർ സതീർഥ്യരായിരുന്നു(Syed Ali Bafaqi Thangal Passes Away).
1978 മുതൽ പൊതുരംഗത്തും സുന്നി സംഘടനാ രംഗത്തും തങ്ങൾ സജീവമായിരുന്നു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ജാമിഅഃ നൂരിയ്യ പൂർവ വിദ്യാർഥി കൂട്ടായ്മ പ്രസിഡന്റ് എന്നീ നിർണായക പദവികൾ വഹിച്ചു. മർകസ് ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ ജീവകാരുണ്യ സ്ഥാപനങ്ങളുടെ അമരക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്(Syed Ali Bafaqi Thangal Passes Away).