‘ഗ്യാനേഷ് കുമാർ മോദിയുടെ കൈയിലെ പാവ, രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കണം’; ഡൽഹി റാലിയിൽ ആഞ്ഞടിച്ച് തേജസ്വി യാദവ്
ന്യൂഡൽഹി: വോട്ട് ചോർച്ച ആരോപിച്ച് പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ മഹാറാലി. പതിനായിരങ്ങൾ പങ്കെടുത്ത ‘ഡൽഹി ചലോ’ മാർച്ച് രാംലീല മൈതാനിയിൽ സമാപിച്ചു. റാലിയെ അഭിസംബോധന ചെയ്ത ആർജെഡി നേതാവ് തേജസ്വി യാദവ്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ട് കൊള്ളയ്ക്കെതിരെ പോരാടാൻ എത്തിയ എല്ലാവർക്കും തേജസ്വി യാദവ് നന്ദി അറിയിച്ചു. “മഹാഭാരതത്തിൽ ശകുനി എന്ത് കളിയാണ് കളിച്ചതെന്ന് എല്ലാവർക്കും അറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയിലെ കളിപ്പാവയാണ് ഗ്യാനേഷ് കുമാർ. അദ്ദേഹത്തെ സർക്കാർ സംരക്ഷിക്കുകയാണ്. ഈ പോരാട്ടം രാജ്യത്തെ വോട്ടർമാരും രാജ്യത്തെ വഞ്ചിക്കുന്നവരും തമ്മിലാണ്,” അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യത്ത് ജനാധിപത്യം അവശേഷിക്കുന്നില്ലെന്നും, വരുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നും തേജസ്വി യാദവ് ആഹ്വാനം ചെയ്തു.
അതേസമയം, ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെയും അതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധികാരത്തിൽനിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം പോരാടാൻ തയ്യാറാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.