‘മാർച്ചിനെത്തുന്നവർ അൽപ്പം ഷോപ്പിങ്ങും ചെയ്യണം, വ്യാപാരികളെ സഹായിക്കണം’; ആഹ്വാനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഡൽഹിയിൽ നടത്തുന്ന ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കുന്നവരോട് പ്രാദേശിക വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്സവകാലമായതിനാൽ രാംലീല മൈതാനത്തിന്റെ പരിസരത്ത് നിന്ന് സാധനങ്ങൾ വാങ്ങുന്നത് ഡൽഹിയിലെ ചെറുകിട കച്ചവടക്കാർക്ക് വലിയ സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭയം കാരണമാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രാഹുൽ, എല്ലാവർക്കും ദീപാവലി ആശംസകളും നേർന്നു.
ലക്ഷക്കണക്കിന് ആളുകളാണ് രാംലീല മാർച്ചിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് എത്തുന്നത്. ദീപാവലി, ഛാഠ് പൂജ, ഭായ് ദൂജ് തുടങ്ങിയ ഉത്സവങ്ങൾ അടുത്തുവരുന്ന ഈ സമയത്ത്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർ ഡൽഹിയിലെ പ്രാദേശിക വ്യാപാരികളെ പിന്തുണയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിലും റാലിയിലും പങ്കെടുക്കുന്നതിനൊപ്പം അൽപ്പം ഷോപ്പിങ് കൂടി നടത്തുന്നത് ഇവിടുത്തെ കച്ചവടക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് രാഹുൽ തന്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ റാലി വ്യാപാരികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. ബിജെപി ഭയന്നിട്ടാണ് റാലിക്കെതിരെ വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത്. എന്നാൽ നമുക്ക് മാർച്ചും റാലിയും നടത്തുന്നതിനൊപ്പം തന്നെ ലക്ഷക്കണക്കിന് ആളുകൾക്ക് ഈ പ്രാദേശിക വ്യാപാരികളുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും ചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും ഒരുപാട് സ്നേഹവും ദീപാവലി ആശംസകളും നേർന്നുകൊണ്ടാണ് രാഹുൽ ഗാന്ധി വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.