02/03/2026
[fontresizer_tawhidurrahmandear_widget]

വീട് അലങ്കരിക്കാം; 1 ലക്ഷം ദിർഹം സമ്മാനം നേടാം, ദുബൈയിൽ വേറിട്ടൊരു മത്സരം

 വീട് അലങ്കരിക്കാം; 1 ലക്ഷം ദിർഹം സമ്മാനം നേടാം, ദുബൈയിൽ വേറിട്ടൊരു മത്സരം

ദുബൈ: റമദാൻ മാസത്തെ വരവേൽക്കാൻ വീടുകൾ അലങ്കരിക്കുന്നവർക്കായി ദുബൈ ‘മികച്ച അലങ്കാരങ്ങളുള്ള വീടുകൾ’ മത്സരം പ്രഖ്യാപിച്ചു. രണ്ടാം വർഷത്തിലേക്ക് കടക്കുന്ന മത്സരത്തിൽ ആകെ 15 പേർക്കാണ് ക്യാഷ് പ്രൈസുകൾ ലഭിക്കുക. തുകയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 1,00,000 ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം രൂപ) സമ്മാനമായി ലഭിക്കും.

പുണ്യമാസത്തിന്റെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിൽ വീടിന്റെ മുൻഭാഗം മനോഹരമായി അലങ്കരിക്കുന്ന താമസക്കാരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. രണ്ടാം സ്ഥാനത്തിന് 80,000 ദിർഹവും, മൂന്നാം സ്ഥാനത്തിന് 60,000 ദിർഹവും ലഭിക്കും. നാലും അഞ്ചും സ്ഥാനക്കാർക്ക് യഥാക്രമം 40,000, 20,000 ദിർഹം വീതമാണ് സമ്മാനം. കൂടാതെ പത്ത് വിജയികൾക്ക് 10,000 ദിർഹം വീതം പ്രത്യേക സമ്മാനവും നൽകും.

പങ്കെടുക്കേണ്ട രീതി: ദുബൈയിലുള്ള വീടുകളുടെ അലങ്കാരങ്ങൾ ഉൾപ്പെടുത്തിയ വീഡിയോകൾ ഇൻസ്റ്റാഗ്രാം വഴിയാണ് സമർപ്പിക്കേണ്ടത്. ‘കുടുംബ വർഷം’ എന്ന പ്രമേയത്തിൽ തയ്യാറാക്കുന്ന വീഡിയോകൾ @branddubai എന്ന അക്കൗണ്ട് ടാഗ് ചെയ്ത് #Dubai_Best_Decorated_Ramadan_Homes_2026 എന്ന ഹാഷ്‌ടാഗോടെ പോസ്റ്റ് ചെയ്യണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 11 ആണ്.

ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബൈ, ‘എമറാത്ത് അൽ യൂം’ പത്രവുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

Also read: