01/04/2026
[fontresizer_tawhidurrahmandear_widget]

കൈവീശിക്കാണിച്ച മന്ത്രി റിയാസിനെ കൂക്കിവിളിച്ച് നഴ്സുമാർ; കോഴിക്കോട്ട് റോഡ് ഷോയ്ക്കിടെ വൻ പ്രതിഷേധം

 കൈവീശിക്കാണിച്ച മന്ത്രി റിയാസിനെ കൂക്കിവിളിച്ച് നഴ്സുമാർ; കോഴിക്കോട്ട് റോഡ് ഷോയ്ക്കിടെ വൻ പ്രതിഷേധം

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയുടെ ഭാഗമായ മലാപ്പറമ്പ്-മാനാഞ്ചിറ റീച്ച് ഉദ്ഘാടനത്തിന് പിന്നാലെ നടന്ന റോഡ് ഷോയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസിന് നേരെ നഴ്സുമാരുടെ വൻ പ്രതിഷേധം. കളക്ടറേറ്റിന് മുന്നിൽ സമരം ചെയ്തിരുന്ന നഴ്സുമാരാണ് മന്ത്രിക്കെതിരെ കൂക്കിവിളിച്ച് പ്രതിഷേധിച്ചത്.

റോഡ് ഉദ്ഘാടനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ്, എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ, മേയർ ഒ. സദാശിവൻ എന്നിവർ പങ്കെടുത്ത റോഡ് ഷോ കളക്ടറേറ്റിന് മുന്നിലൂടെ കടന്നുപോയപ്പോഴായിരുന്നു സംഭവം. സമരപ്പന്തലിന് മുന്നിലെത്തിയപ്പോൾ മന്ത്രി കൈവീശി സമരക്കാരെ അഭിവാദ്യം ചെയ്‌തെങ്കിലും, നഴ്സുമാർ കൂട്ടത്തോടെ കൂക്കിവിളിച്ചുകൊണ്ട് തങ്ങളുടെ അമർഷം രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ, പ്രതിഷേധം ഗൗനിക്കാതെ മന്ത്രി റോഡ് ഷോയുമായി മുന്നോട്ടുപോയി.

മിനിമം വേതനം 40,000 രൂപയായി ഉയർത്തണമെന്ന ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ തയ്യാറാകാത്ത സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾക്കെതിരെയാണ് നഴ്സിങ് സംഘടനകൾ പ്രതിഷേധം കടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നൂറുകണക്കിന് നഴ്സുമാരാണ് കുത്തിയിരുന്ന് സമരം ചെയ്യുന്നത്.

നഴ്സുമാരുടെ സമരം ശക്തമായതോടെ മലബാർ മേഖലയിലെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളുടെയും പ്രവർത്തനം പൂർണമായും അവതാളത്തിലായിരിക്കുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് നഴ്സിങ് സംഘടനകളുടെ തീരുമാനം.

സർക്കാരിന്റെയും മാനേജ്മെന്റുകളുടെയും ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് നഴ്സുമാരുടെ നീക്കം.

Also read: